Thursday, November 3, 2011

പ്രീമിയർ ലീഗിലെ പഴയ പടക്കുതിരകൾ അമേരിക്കൻ ലീഗിൽ പട നയിക്കുമ്പോൾ !!!

ഡേവിഡ് ബെക്കാം. തിയറി ഹെൻറി. ഫുട്‌ബോൾ ലോകത്ത് ആമുഖം വേണ്ടാത്ത രണ്ട് പ്രതിഭകൾ. അടുത്ത സുഹൃത്തുക്കൾ ആയിരുന്നിട്ടും കളിക്കളത്തിൽ അപൂർവ്വം ഒന്നോ രണ്ടോ അവസരങ്ങളിലൊഴികെ പരസ്പരം പോരടിക്കാനായിരുന്നു എന്നും അവരുടെ വിധി. പ്രശസ്തിയുടെ കാര്യത്തിൽ യൂറോപ്പിലെയും ലാറ്റിനമെരിക്കയിലെയും ഫുട്‌ബോൾ ലീഗുകളുടെ ഏഴയലത്ത് വരില്ലെങ്കിലും കഴിഞ്ഞ ദിവസം നടന്ന അമേരിക്കൻ സോക്കർ ലീഗിലെ ഒരു മൽസരത്തിനായി ലോകം കാത്തിരുന്നത് ഇവരുടെ നേർക്കുനേർ പോരാട്ടം ഒന്നുകൊണ്ടു മാത്രമാവണം. കരിയറിന്റെ സായാഹ്നത്തിലും തിളക്കം നഷ്ടപ്പെടാത്ത ഇരുവരുടേയും സാന്നിധ്യം തന്നെയാണ് ലോക്കൽ ഹീറോ ലണ്ടൻ ഡോണോവനെപ്പോലും വിസ്മൃതിയിലാഴ്ത്തി വെസ്‌റ്റേൺ കോൺഫറൻസ് സെമി ഫൈനലിന്റെ ആദ്യപാദം ന്യൂയോർക്ക് റെഡ് ബുൾസും ലോസ് ഏഞ്ചൽസ് ഗ്യാലക്‌സിയും തമ്മിലുള്ള മൽസരം ബെക്കാം - ഹെൻറി പോരാട്ടമെന്ന പേരിൽ മാധ്യമലോകം ആഘോഷിക്കാൻ കാരണമായതും. യൂറോപ്യൻ ലീഗിലെ മൽസരങ്ങളുടെ അത്രയൊന്നും വരില്ലെങ്കിലും മൽസരം സംഭവബഹുലവും താരസമ്പന്നവുമായിരുന്നു. ബെക്കാമിനെ കൂടാതെ മാഞ്ചെസ്റ്റർ യുണൈറ്റഡിൽ സഹകളിക്കാരനായിരുന്ന റോയ് കീനിന്റെ സഹോദരനും മുൻ ടോട്ടൻഹാം-ലിവർപൂൾ താരവുമായിരുന്ന റോബീ കീനും ലോസ് ഏഞ്ചൽസ് ഗ്യാലക്‌സിക്കു വേണ്ടി ഇറങ്ങിയിരുന്നു. റെഡ് ബുൾസിന്റെ നിരയിൽ ഹെൻറിയെ കൂടാതെ മുൻ ബാഴ്‌സലോണ-മെക്‌സിക്കോ താരം റഫായേൽ മാർക്വേസും ഉണ്ടായിരുന്നു. ഒടുവിൽ 15-ാം മിനുട്ടിൽ ബെക്കാമിന്റെ ക്രോസ്സിൽ നിന്നും യു എസ് താരം മൈക്ക് മാഗീ നേടിയ ഏക ഗോളിന് ഗ്യാലക്‌സിസാണ് മൽസരം സ്വന്തമാക്കിയത്. ഹെൻറിയുടെ നേതൃത്വത്തിൽ റെഡ്ബുൾസ് സമനിലക്കായി കീണഞ്ഞു പരിശ്രമിച്ചെങ്കിലും പ്രതിരോധം പതറാതെ നിന്നതോടെ മൽസരം ഗ്യാലക്‌സിക്കനുകൂലമാവുകയായിരുന്നു. ഇതിനിടെ രണ്ടാം പകുതിക്കൊടുവിൽ 5 മിനുട്ട് നീണ്ട ഇഞ്ചുറി ടൈമിൽ ഗ്യാലക്‌സിയുടെ മാർക്വേസും റെഡ്ബുൾസിന്റെ ബ്രസീലിയൻ താരം ജുനീഞ്ഞോയും ചുവപ്പു കാർഡ് കണ്ട് പുറത്തു പോയത് മൽസരത്തെ കുറച്ച് സംഘർഷഭരിതമാക്കുകയും ചെയ്തു. ഗ്യാലക്‌സിയുടെ പരിശീലകനായ മുൻ യു എസ് ഫുട്‌ബോൾ കോച്ച് ബ്രൂസ് അരീനക്കും ഈ വിജയം മധുരതുമായ അനുഭവമായി. റെഡ് ബുൾസിൽ നിന്നും പുറത്തു പോന്നതിനു ശേഷമാണ് ഹോളണ്ടിന്റെ ഇതിഹാസ താരം റൂഡ് ഗുള്ളിറ്റിനു പകരക്കാരനായി ലോസ് ഏഞ്ചൽസ് ഗ്യാലക്‌സിയുടെ പരിശീലന ചുമതല ഏറ്റെടടുത്തത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലും ആഴ്‌സണലിലുമായി കളിച്ചിരുന്ന കാലത്ത് ഒട്ടോറെ തവണ പരസ്പരം ഏറ്റുമുട്ടിയ ബെക്കാമും ഹെൻറിയും ഇംഗ്ലണ്ടിൽ ഒടുവിൽ മുഖാമുഖം കണ്ടത് 2003 ഫെബ്രുവരി 15 നു നടന്ന FA കപ്പ് മൽസരത്തിലാണ്. ഓൾഡ് ട്രാഫോർഡിൽ സ്വന്തം കാണികളുടെ മുന്നിൽ 0-2 നാണ് അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. ഹെൻറി രണ്ടാം പകുതിയിൽ പകരക്കാരനായി മാത്രം ഇറങ്ങിയ ആ മൽസരം ബെക്കാം മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. ആദ്യപകുതിക്കു ശേഷമുള്ള ഇടവെള സമയത്ത് ഡ്രെസ്സിംഗ് റൂമിൽ വച്ച് കോച്ച് സർ അലക്‌സ് ഫെർഗൂസൺ അലക്ഷ്യമായി എറിഞ്ഞ ബൂട്ട് കൊണ്ടത് ബെക്കാമിന്റെ നെറ്റിയിലാണ്. ആഴമേറിയ മുറിവ് മൽസരത്തിന്റെ രണ്ടാം പകുതി മാത്രമല്ല, തുടർന്നുള്ള ഏതാനും മൽസരങ്ങൾ കൂടി ബെക്കാമിന് നഷ്ടമാക്കി. പ്രീമിയർ ലീഗിൽ അതിനു ശേഷം 2003 ഏപ്രിൽ 16 നു ലണ്ടനിൽ നടന്ന മാഞ്ചസ്റ്റർ - ആഴ്‌സണൽ മൽസരത്തിൽ ബെക്കാം മുഴുവൻ സമയവും പകരക്കാരുടെ ബഞ്ചിലായിരുന്നതിനാൽ കളിക്കളത്തിൽ പരസ്പരം കാണേണ്ടി വന്നില്ല. ഹെൻറി അന്ന് രണ്ട് ഗോളുകൾ അടിച്ചെങ്കിലും റൂഡ് വാൻ നിസ്റ്റൽ റൂയിയും റയൻ ഗിഗ്‌സും നേടിയ ഗോളുകൾക്ക് മാഞ്ചസ്റ്റർ മൽസരം സമനിലയിലാക്കി. ആ സീസണിനു ശേഷം മാഞ്ചസ്റ്റർ വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ബെക്കാം പിന്നെ ഹെൻറിയുമായി ഏറ്റുമുട്ടുന്നത് 2005-06 സീസണിലെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലാണ്. 2006 ഫെബ്രുവരിയിലും മാർച്ചിലിമായി ഇരുപാദങ്ങളായി നടന്ന മൽസരത്തിൽ വിജയികളായത് ആഴ്‌സണലാണ്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ആദ്യ പാദത്തിൽ തന്നെ ഹെൻറിയുടെ ഗോളിൽ ആഴ്‌സണൽ മുന്നിലെത്തി. ഹൈബറിയിൽ നടന്ന രണ്ടാം പാദത്തിൽ ബെക്കാമിനൊപ്പം റൊണാൾഡോ, സിദാൻ, ഫിഗോ, റൗൾ, റൊബർട്ടോ കാർലോസ് തുടങ്ങിയ വമ്പൻമാർ അണി നിരന്നിട്ടും ഗോൾ വഴങ്ങാതെ ഉറച്ചു നിന്ന ആഴ്‌സണൽ ആ സീസണിലെ ചാമ്പ്യൻസ് ലീഗ് പടയോട്ടം ഫൈനലിൽ ബാഴ്‌സലോണക്കു മുന്നിൽ മുട്ടുകുത്തുന്നതു വരെ തുടർന്നു. ഹൈബറി സ്‌റ്റേഡിയത്തിലെ ആഴ്‌സണലിന്റെ അവസാന സീസൺ കൂടിയായിരുന്നു അത്. തൊട്ടടുത്ത സീസൺ മുതൽ പുതുതായി പണിത എമിറേറ്റ്‌സ് സ്റ്റേഡയത്തിലാണ് തങ്ങളുടെ ഹോം മൽസരം കളിച്ചു വരുന്നത്. രസകരമായ മറ്റൊരുകാര്യം ഹൈബറിയിൽ നിന്നും പോന്ന ശേഷം ഇതുവരെ ഒരു ട്രോഫി പോലും ഗണ്ണേഴ്‌സിന് നേടാനായിട്ടില്ല എന്നതാണ്. 2007 - ൽ ഹെൻറി ആഴ്‌സണലിൽ നിന്ന് സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് മാറിയെങ്കിലും അതേ വർഷം തന്നെ ബെക്കാം റയൽ മാഡ്രിഡ് വിട്ട് ലോസ് ഏഞ്ചൽസ് ഗ്യാലക്‌സിയിലേക്ക് മാറിയതിനാൽ സ്പാനിഷ് ലീഗിൽ ഇരുവരുടേയും നേരിട്ടുള്ള പോരാട്ടം ഉണ്ടായില്ല. ഇതിനിടയിൽ ഇംഗ്ലണ്ടിനും ഫ്രാൻസിനുമായി ചില ഇന്റർനാഷണൽ മൽസരങ്ങളിലും ഇരുവരുടേയും നേർക്കുനേർ പോരാട്ടം ഫുട്‌ബോൾ പ്രേമികൾ താത്പര്യത്തോടെ വീക്ഷിച്ചു. കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മേജർ സോക്കർ ലീഗിലെ ഓൾ സ്റ്റാർ ടീമുമായി പ്രദർശന മൽസരം കളിച്ചപ്പോൾ ഇരുവരേയും ഒരു ടീമിൽ സഹകളിക്കാരായി ഒരുമിച്ച് കാണാനുള്ള അപൂർവ്വ അവസരവും ഉണ്ടായി. അന്നുപക്ഷേ മൽസരം മാഞ്ചസ്റ്റർ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് ജയിക്കുകയാണുണ്ടായത്. വെസ്‌റ്റേൺ കോൺഫറൻസ് സെമി ഫൈനലിന്റെ രണ്ടാം പാദം നവംബർ 4 നാണ്. ഹെൻറി തിരിച്ചടിക്കുമോ അതോ ബെക്കാം ഗ്യാലക്‌സിയെ ഫൈനലിലേക്കൂ നയിക്കുമോ എന്ന് അന്നറിയാം. കളിക്കളത്തിൽ പഴയമിന്നൽപിണരുകൾ സൃഷ്ടിക്കുന്നില്ലെങ്കിലും തങ്ങളുടെ ചലനങ്ങൾ ലോകം സാകൂതം വീക്ഷിക്കുന്നുണ്ടെന്നറിയാവുന്ന ബെക്കാമും ഹെൻറിയും കാണികൾക്കായി ഏറ്റവും മികച്ച ഫുട്‌ബോൾ വിരുന്നുതന്നെ ഒരുക്കാതിരിക്കില്ല.

No comments: