ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിന് ഇനിയും ഒരുമാസത്തിലേറെ സമയമുണ്ടെങ്കിലും ഫുട്‌ബോൾ വൃത്തങ്ങളിൽ ചർച്ചകൾക്ക് ചൂടുപിടിച്ചു കഴിഞ്ഞു. കാർലോസ് ടെവസും ഡേവിഡ് ബെക്കാമും റോബ് വാൻ പേഴ്‌സിയുമൊക്കെ ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഏവരും കൗതുകത്തോടെ നിരീക്ഷിക്കുന്നത് ഒരു കൗമാരക്കാരനെയാണ്. അതും ലീഗിന്റെ മൂന്നാം ടയറിൽ എലിമിനേഷൻ ഭീഷണി നേരിടുന്ന: ഫുട്‌ബോൾ ലോകത്ത് അധികമൊന്നും അറിയപ്പെടാത്ത ഒരു ക്ലബ്ബിന്റെ; ഇനിയും പത്തു മത്സരം പോലും തികച്ചു കളിച്ചിട്ടില്ലാത്ത സ്‌കൂൾ വിദ്യാർത്ഥിയായ ഒരു അറ്റാക്കിംഗ് മിഡ്ഫീൽഡറെ. അടുത്ത ഫ്രാങ്ക് ലാംപാർഡ് എന്ന് നിരീക്ഷകർ വിശേഷിപ്പിക്കുന്ന വികോം വാണ്ടറേഴ്‌സിന്റെ ഫോർവേഡ് ജോർഡോൺ ഇബെ എന്ന പേരിൽ അറിയപ്പെടുന്ന ജോർഡോൺ ആഷ്‌ലി ഇബൈ എന്ന പതിനഞ്ചുകാരനെ.
സീസണിന്റെ തുടക്കത്തിൽ തന്നെ യുവതാരങ്ങളെ വാർത്തെടുക്കുന്നതിൽ അഗ്രഗണ്യനായ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ സർ അലക്‌സ് ഫെർഗൂസൻ നോട്ടമിട്ടിരുന്ന ഇബെക്കു പിന്നാലെ ഇപ്പോൾ പ്രീമിയർ ലീഗിലെ വമ്പൻമാരുടെ പടയാണ്. മെട്രിക്കുലേഷൻ ഇനിയും പൂർത്തിയാക്കിയിട്ടില്ലാത്ത നൈജീരിയൻ വംശജനായ ഈ ഇംഗ്ലീഷ് താരത്തിന് ഇടക്കിടെ പഠനത്തിനായി സമയം മാറ്റി വയ്‌ക്കേണ്ടി വരുന്നതിനാൽ വികോം വാണ്ടറേഴ്‌സിന്റെ ലീഗ് - 1 മത്സരങ്ങളിൽ തുടർച്ചയായി കളിക്കാൻ സാധിക്കാറില്ല. സീസണിൽ നാലു ലീഗ് മത്സരങ്ങൾ ഉൾപ്പെടെ എട്ട് കളികൾ മാത്രമാണ് ഇബെ കളിച്ചത്. കളിച്ച മത്സരങ്ങളിൽ എല്ലാം തന്റെ പ്രതിഭാസ്പർശം തെളിയിച്ച ഇബെയുടെ പരീശീലന സമയത്തെ വീഡിയോകൾ പുറത്ത് വന്നതോടെയാണ് വികോം പരിശീലകനായ മുൻ അയർലണ്ട് താരം ഗരി വഡ്ഡോക്കിന്റെ വാക്കുകളെ കടമെടുത്താൽ ഫുട്‌ബോൾ ലോകം ഒരു കൗമാര വിസ്മയത്തിനു ചുറ്റും വീണ്ടും കറങ്ങാൻ തുടങ്ങിയത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 9 ന് വികോമിന്റെ ഹോം ഗ്രൗണ്ടായ ആഡംസ് പാർക്കിൽ കോൾചെസ്റ്റർ യുണൈറ്റഡിനെതിരായ ലീഗ് കപ്പ് മത്സരത്തിനിറങ്ങി തന്റെ പ്രൊഫഷണൽ കരിയറിന് തുടക്കം കുറിക്കുമ്പോൾ ഇബെയ്ക്ക് 15 വയസ്സും 244 ദിവസവും മാത്രമായിരുന്നു പ്രായം. ഒക്ടോബർ 15 ന് ഹർട്ടിൽപൂൾ യുണൈറ്റഡിനെതിരായ ലീഗ് മത്സരത്തിനിറങ്ങിയത് വികോം വാണ്ടറേഴ്‌സിന്റെ എക്കാലത്തേയും ഏറ്റവും പ്രായം കുറഞ്ഞ ലീഗ് പ്ലയർ എന്ന റെക്കോഡ് തന്റെ പേരിലാക്കിക്കൊണ്ടായിരുന്നു. ഒക്ടോബർ 29 ന് ആഡംസ് പാർക്കിൽ ഷെഫീൽഡ് വെനസ്‌ഡേക്കെതിരായ മത്സരത്തിൽ 29-ാം മിനുട്ടിൽ കരിയറിലെ ആദ്യ ഗോൾ നേടിയപ്പോൾ വികോമിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ എന്ന റെക്കോർഡും ഇബെ സ്വന്തമാക്കി. കരിയറിലെ ആദ്യഗോളിന്റെ ആഹ്ലാദം പങ്കിടാൻ ഗാലറിയിലുണ്ടായിരുന്ന മാതാപിതാക്കളുടെ അരികിലേക്ക് ആവേശത്തോടെ ഓടിയ ഇബെയെ മഞ്ഞകാർഡു കാണിച്ച റഫറി ക്രിസ്റ്റഫർ സർഗിൻസന്റെ തീരുമാനം ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.
സീസൺ തുടങ്ങും മുൻപ് സ്റ്റയിൻസിനെതിരെ നടന്ന സൗഹൃദമത്സരത്തിൽ ഇബെയുടെ പ്രകടനം ശ്രദ്ധിച്ച ഫെർഗൂസൻ ഉടൻ തന്നെ താരത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വികോം മാനേജർ ഗാരി വഡ്ഡോക്ക് കാത്തിരിക്കാൻ പറയുകയായിരുന്നു. ഷെഫീൽഡിനെതിരായ ഗോളോടെ മുന്നേറ്റനിരയിലും അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഒരുപോളെ തിളങ്ങുന്ന ഇബെയെ തേടി വീണ്ടും ഒഫറുകൾ എത്തി. ആദ്യം സമീപിച്ചത് സാക്ഷാൽ ലാംപാർഡ് കളിക്കുന്ന ചെൽസിയുടെ മാനേജർ ആേ്രന്ദ വില്ലാസ് ബോസ് തന്നെയായിരുന്നു. എന്നാൽ ഏവരേയും അമ്പരപ്പിച്ചുകൊണ്ട് ഇബെ ആ ഓഫർ തള്ളിക്കളയുകയായിരുന്നു. മധ്യനിരയിലും മുന്നേറ്റ നിരയിലും സൂപ്പർ താരങ്ങൾ നിരക്കുന്ന ചെൽസിയിൽ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാനുള്ള സാധ്യത വളരെക്കുറവാണെന്നതായിരിക്കണം ഇബെ ഇത്തരമൊരു മോഹിപ്പിക്കുന്ന അവസരത്തിനു നേരേ നൊ പറയാൻ കാരണം. പക്ഷേ മികച്ച ഓഫറുകൾ ഇനിയും ഇബെയെത്തേടി വരുമെന്നു മുൻകൂട്ടിക്കണ്ട് വികോം ബോസ്സ് വഡ്ഡോക്ക് ആണ് ആ ട്രാൻസ്ഫറിനു തടസ്സം നിന്നതെന്നും വാർത്തകളുണ്ട്.
ആന്ദ്രേക്കു തൊട്ടു പിന്നാലെ മാഞ്ചസ്റ്റർ സിറ്റി മാനേജർ റൊബർട്ടോ മാൻചീനിയും ഫുൾഹാം മാനേജർ മാർട്ടിൻ ജോളും ഇബെയെ സ്വന്തമാക്കാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. അതിനിടയിൽ ഇബെ ലിവർപൂളിന്റെ ആൻഫീൽഡിൽ ട്രയൽസ് നടത്തിയെന്നും അനൗദ്യോഗിക റിപ്പോർട്ടുകൾ പരക്കുന്നുണ്ട്. ആഴ്‌സീൻ വെംഗറും താരത്തിനായി താത്പര്യം പ്രകടിപ്പിച്ചതോടെ ജനുവരി ട്രാൻസ്ഫറിലെ ശ്രദ്ധാകേന്ദ്രമാവുകയാണ് ഈ പതിനഞ്ചുകാരൻ. മാഞ്ചസ്റ്റർ യുണൈറ്റഡും ഇബെയെ സ്വന്തമാക്കാനുള്ള മത്സരത്തിൽ മുന്നിൽ തന്നെയുണ്ട്. ഒടുവിൽ കിട്ടുന്ന സൂചനകൾ അനുസരിച്ച് ഒരു മില്ല്യൺ പൗണ്ടിലേറെയാണ് വികോം വാണ്ടറേഴ്‌സ് ഇബെക്കായി ആവശ്യപ്പെടുന്നത്. അതായത് ഒരു കൗമാരപ്രായക്കാരന് ഇതുവരെ നൽകിയിട്ടുള്ളതിനെക്കാൾ ഏറെ കൂടുതൽ. പ്രീമിയർ ലീഗിൽ മികച്ച പ്രകടനം തുടരാൻ കഴിഞ്ഞാൽ മൈക്കൽ ഓവനും വെയ്ൻ റൂണിക്കും തിയോ വാൽകോട്ടിനും ശേഷം ഇംഗ്ലണ്ടിന് ലഭിക്കുന്ന മറ്റൊരു കൗമാര വിസ്മയം കൂടിയാവും ജോർഡോൺ ഇബെ.
el ruido
Wednesday, November 16, 2011
Tuesday, November 15, 2011
ബോസ്‌നിയ പോർച്ചുഗലിന്റെ വഴി മുടക്കുമോ???
നവംബർ 11 നു നടന്ന യൂറോ 2012 യോഗ്യതാ പ്ലേ ഓഫ് മത്സരങ്ങളുടെ ആദ്യപാദത്തിൽ ഏറെക്കുറേ പ്രതീക്ഷിച്ച ഫലങ്ങൾ തന്നെയാണ് പിറന്നത്. അയർലണ്ട് എസ്താണിയയേയും ചെക്ക് റിപ്പബ്ലിക്ക് മോണ്ടിനെഗ്രോയേയും ക്രൊയേഷ്യ തുർക്കിയേയും പരാജയപ്പെടുത്തിയപ്പോൾ കരുത്തരായ പോർച്ചുഗലിനെ ബോസ്‌നിയ സമനിലയിൽ കുരുക്കിയതു മാത്രമാണ് ചെറുതായെങ്കിലും പ്രതീക്ഷകളെ തെറ്റിച്ചത്.
സെനിക്കയിലെ 15000 സീറ്റിംഗ് കപ്പാസിറ്റി മാത്രമുള്ള ബിലിനോ പോജെ സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ബോസ്‌നിയൻ ആരാധകരെ സാക്ഷി നിർത്തിയാണ് എഡിൻ സെക്കോയും കൂട്ടരും സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയും ഫാബിയോ കോൺട്രാവോയും പെപ്പെയും നാനിയും റൗൾ മിറെൽസും ഹെൽഡർ പോസ്റ്റീഗയുമെല്ലാം അണിനിരന്ന പൗളോ ബെന്റോയുടെ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ബഹുഭൂരിപക്ഷം സമയവും ആധിപത്യം പുലർത്തിയത് പറങ്കിപ്പട തന്നെയായിരുന്നു. റൊണാൾഡോയും നാനിയും പോസ്റ്റീഗയുമെല്ലാം ബോസ്‌നിയൻ ഗോൾമുഖത്ത് ഇരമ്പിയാർത്തെങ്കിലും നായകൻ എമിർ സ്പായിക്കിന്റെ നേതൃത്വത്തിൽ പ്രതിരോധനിര ഉറച്ചു നിന്നപ്പോൾ ലക്ഷ്യം മാത്രം അകന്നു നിന്നു. അതിനിടയിൽ 81-ാം മിനുട്ടിൽ ബോസ്‌നിയക്കു കിട്ടിയ സുവർണ്ണാവസരം വെദാദ് ഇബിസെവിച്ച് തുലച്ചതോടെ മത്സരം സമനിലയിൽ കുരുങ്ങുകയായിരുന്നു. പതിവു ഗോൾകീപ്പർ എഡ്വേർഡോക്കു പകരം പോർച്ചുഗീസ് ഗോൾവല കാത്ത സ്‌പോർട്ടിംഗ് ലിസ്ബൺ താരം റൂയി പാട്രീഷ്യോ മാത്രം മുന്നിൽ നിൽക്കെയാണ് ജർമ്മൻ ക്ലബ്ബായ ഹോഫൻഹെയിം സ്‌ടൈക്കർ ഇബിസെവിച്ച് പന്ത് ബാറിനു മുകളിലൂടെ പറത്തിയത്. ഇന്ന് ലിസ്ബണിൽ നടക്കുന്ന രണ്ടാം പാദത്തിൽ പോർച്ചുഗലിന് സ്വന്തം ഗ്രൗണ്ടെന്ന ആനുകൂല്യമുണ്ടെങ്കിലും ഗോളടിച്ചുകൊണ്ടുള്ള സമനില പോലും എവേ ഗോളിന്റെ പിൻബലത്തിൽ ബോസ്‌നിയയെ യൂറോ 2012 ലേക്ക് കൈപിടിച്ചു നടത്തുമെന്നതിനാൽ സമ്മർദ്ദവും ഏറെയാണ്.
കാണികളുടെ ഉച്ചസ്ഥായിയിലുള്ള ആരവത്തിന് ഗിന്നസ് റെക്കോർഡ്‌സിൽ സ്ഥാനം പിടിച്ച ഗലാത്‌സറേയുടെ പുതിയ ഗ്രൗണ്ടായ ഇസ്താംബുള്ളിലെ തുർക്ക് ടെലകോം അറീനയിൽ തിങ്ങി നിറഞ്ഞ അൻപതിനായിരത്തിലേറെ ആരാധകർക്കു മുന്നിലാണ് എതിരില്ലാത്ത മൂന്നു ഗോളിന് തുർക്കി ക്രൊയേഷ്യയോട് പരാജയപ്പെട്ടത്. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ക്രൊയേഷ്യ ആദ്യത്തെ വെടി പൊട്ടിച്ചു. ടോട്ടൻഹാം താരം വെഡ്രാൻ കോർലുക്കയുടെ ക്രോസ്സിൽ നിന്നും ബയേൺ മ്യൂണിച്ച് സ്‌ട്രൈക്കർ ഇവിക ഒലിച്ച് ആണ് തുർക്കിക്കുവേണ്ടി അലറിവിളിച്ച കാണികളെ സ്തബ്ദരാക്കി വോൾക്കൻ ഡെമിറൽ കാത്ത തുർക്കി ഗോൾ വല ചലിപ്പിച്ചത്. 32 -ാം മിനുട്ടിൽ ക്രൊയേഷ്യൻ നായകൻ ദാരിയോ സർനയുടെ പാസിനു തലവച്ച് സ്‌ട്രൈക്കർ മാരിയോ മാൻസുക്കിച്ച് സ്‌കോർ 2-0 ആക്കി. 51-ാം മിനുട്ടിൽ ഷാക്തർ ഡോണെട്‌സ്‌ക് താരമായ സർനയുടെ തന്നെ ഫ്രീകിക്കിൽ നിന്നും കോർലുക്ക കൂടി തുർക്കി വല കുലുക്കിയതോടെ മത്സരം ഏകപക്ഷീയമാവുകയായിരുന്നു. റയൽ മാഡ്രിഡ് താരം ഹമിത് ആൾട്ടിൻടോപ്പിന്റെ മികവിൽ തുർക്കി തിരിച്ചു വരാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും സ്വന്തം ആരാധകരെ നിരാശയിലാഴ്ത്താൻ തന്നെയായിരുന്നു അവരുടെ വിധി. അതിനിടയിൽ സിമുനിച്ചിന്റെയും ലൂക്ക മോഡ്രിച്ചിന്റെയും ചില ശ്രമങ്ങൾ ഡമിറൽ തടഞ്ഞത് വൻ തോൽവിയിൽ നിന്നും തുർക്കിയെ രക്ഷിച്ചു. 1998 - ൽ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ടീമിലെ പ്രതിരോധനിരയിലെ താരമായിരുന്ന സ്ലാവെൻ ബിലിച്ച് പരിശീലിപ്പിക്കുന്ന ക്രൊയേഷ്യൻ ടീം അന്നത്തെ സൂപ്പർ താരനിരക്കൊപ്പം നിൽക്കില്ലെങ്കിലും പരിശീലകരിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന ഗസ്സ് ഹിഡ്ഡിങ്ക് പരിശീലിപ്പിക്കുന്ന തുർക്കിയെ ഇന്ന് സാഗ്രെബിൽ നടക്കുന്ന രണ്ടാം പാദത്തിലും പിടിച്ചു കെട്ടി മുന്നോട്ട് പോകാൻ തന്നെയാണ് സാധ്യത.
പ്രാഗിൽ നടന്ന മറ്റൊരു മത്സരത്തിൽ മോണ്ടിനെഗ്രോയെ 2-0 നു തോൽപിച്ച് ചെക്ക് റിപ്പബ്ലിക്കും തങ്ങളുടെ നില ഭദ്രമാക്കി. ഗോൾ നേടിയില്ലെങ്കിലും നായകൻ തോമസ് റോസിക്കിയുടെ പ്രകടനമാണ് ചെക്ക് വിജയത്തിൽ നിർണ്ണായകമായത്. 63 -ാം മിനുട്ടിൽ വോക്ലേവ് പീലാർ ചെക്ക് റിപ്പബ്ലിക്കിനു വേണ്ടിയുള്ള തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ കുറിച്ചത് റോസിക്കിയുടെ സമർത്ഥമായ പാസിൽ നിന്നാണ്. ഇൻജുറി ടൈമിൽ തോമസ് സിവോക് ഹെഡ്ഡറിയൂടെ നേടിയ ഗോളിനു വഴിയൊരുക്കിയതും മത്സരത്തിലുടനീളം മിന്നുന്ന ഫോം പ്രകടിപ്പിച്ച ആഴ്‌സണൽ താരം തന്നെയാണ്. ഗോൾ നേടാനായില്ലെങ്കിലും ഈ സീസണിൽ ഇറ്റാലിയൻ ക്ലബ്ബ് ജൂവന്റസിലേക്ക് മാറിയ മുൻ റോമാ താരം മാർക്ക് വുസിനുച്ച് നയിച്ച മോണ്ടിനെഗ്രോ മികച്ച പോരാട്ടം തന്നെയാണ് കാഴ്ചവെച്ചത്. പരിക്കേറ്റ മൂക്കിനു മാസ്‌ക് ധരിച്ചിറങ്ങിയ ചെൽസി ഗോൾ കീപ്പർ പീറ്റർ ചെക്കിന്റെ മികച്ച സേവുകളും മത്സരത്തിൽ നിർണ്ണായകമായി. ഇന്ന് പോഡ്‌ഗോറിക്കയിൽ നടക്കുന്ന രണ്ടാം പാദത്തിൽ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യമുണ്ടെങ്കിലും രണ്ട് ഗോളിന്റെ വ്യത്യാസം ആറു ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള മോണ്ടിനെഗ്രോ എന്ന കൊച്ചു രാജ്യത്തിന്റെ യൂറോ മോഹങ്ങള സ്വപ്‌നമായി തന്നെ അവശേഷിപ്പിക്കാനാണ് സാധ്യത.
റ്റാളിനിൽ നടന്ന മത്സരത്തിൽ ആതിഥേയരായ എസ്‌റ്റോണിയയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് തങ്ങളുടെ യൂറോ പ്രവേശം ഏകദേശം ഉറപ്പിച്ചു. ഇപ്പോൾ ലോസ് ഏഞ്ചൽസ് ഗ്യാലക്‌സിക്കു വേണ്ടി കളിക്കുന്ന നായകൻ റോബ് കീൻ രണ്ടു ഗോളുകൾ നേടിയ മത്സരത്തിൽ സ്‌റ്റോക്ക് സിറ്റി വിംഗർ ജോനാഥൻ വാൾട്ടേഴ്‌സും ഇപ്‌സിച്ച് ടൗൺ മിഡ്ഫീൽഡർ കീത്ത് ആൻഡ്രൂസും എസ്റ്റോണിയൻ വലയിലേക്ക് നിറയൊഴിച്ചു. കോൺസ്റ്റൻടൈൻ വാസിലിയേവ് എസ്‌റ്റോണിയൻ നിരയിൽ അധ്വാനിച്ചു കളിച്ചെങ്കിലും ആസ്റ്റൺവില്ലയുടെ റിച്ചാർഡ് ഡണും ഫുൾഹാമിന്റെ സ്റ്റീഫൻ കെല്ലിയും അണിനിരന്ന അയർലണ്ട് പ്രതിരോധനിരക്കു പിന്നിൽ ആസ്റ്റൺവില്ലയുടെ തന്നെ ഗോൾകീപ്പർ ഷേയ് ഗിവൺ കീഴടങ്ങാതെ നിന്നതോടെ മത്സരം സന്ദർശകർ കീശയിലാക്കി. അതിനിടെ ഡിഫൻഡർമാരായ ആന്ദ്രേ സ്‌റ്റെഫാനോവ് 35 - ാം മിനുട്ടിലും റായോ പിറോജ 76 - ാം മിനുട്ടിലും ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ ഒൻപതു പേരുമായാണ് എസ്റ്റോണിയ മത്സരം പൂർത്തിയാക്കിയത്. ഇന്ന് ഡബ്ലിനിലെ അവീവ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം പാദത്തിൽ ഇരുവർക്കും കളിക്കാനാവില്ലെന്നതും എസ്‌റ്റോണിയൻ സാധ്യതകളെ തളർത്തുന്നു. പരിചയസമ്പന്നനായ ജിയോവാനി ട്രാപ്പറ്റോണി ആണ് യൂറോയിലേക്കായി അയർണ്ടിനെ ഒരുക്കിയത്.
സഹ-ആതിഥേയരായ പോളണ്ടിനും ഉക്രൈനുമൊപ്പം യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ജേതാക്കളായ ഡെൻമാർക്ക്, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഇറ്റലി, ഹോളണ്ട്, റഷ്യ, സ്‌പെയിൻ എന്നീ ടീമുകളും മികച്ച രണ്ടാം സ്ഥാനക്കാരെന്ന നിലയിൽ സ്വീഡനുമാണ് ഇതിനകം യൂറോ 2012 ന്റെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ബാക്കിയുള്ള നാലു സ്ഥാനക്കാരെയാണ് ഇന്നു രാത്രി നടക്കുന്ന അവസാന പ്ലേ ഓഫ് മത്സരം തീരുമാനിക്കുക. 2012 ജൂൺ 8 മുതൽ ജൂലായ് 1 വരെ ഉക്രൈനിലും പോളണ്ടിലുമായാണ് ടൂർണമെന്റ് നടക്കുക.
Friday, November 11, 2011
ബാഴ്‌സക്ക് എന്തു പറ്റി ???
നിലവില്‍ ലോകത്ത് ഏറ്റവും തോല്‍പ്പിക്കാന്‍ പ്രയാസമുള്ള ഫുട്‌ബോള്‍ ടീം ഏതാണെന്നു ചോദിച്ചാല്‍ ഭൂരിപക്ഷവും പറയുന്ന പേര് സ്പാനിഷ് ഭീമന്‍മാരായ ബാഴ്‌സലോണയുടേതു തന്നെയാണ്. സ്പാനിഷ് ലീഗിലെ ഈ സീസണിലെ പരാജയം അറിയാത്ത ഏക ടീമായിട്ടു കൂടി ലീഗ് ടേബിളില്‍ റയല്‍ മാഡ്രിഡിനു പിന്നിലാകേണ്ടി വന്നത് ക്ലബ്ബ് ആരാധകരെ പാടെ നിരാശയിലാഴ്ത്തുന്നുണ്ട്.
പ്രബല ടീമുകള്‍ക്കെതിരെ മിന്നുന്ന പ്രകടനം കാഴ്ച വക്കുന്ന ബാഴ്‌സ താരതമ്യേന ദുര്‍ബലരായ ടീമുകളെ കീഴടക്കാന്‍ പാടുപെടുന്നത് തുടര്‍ക്കഥയാവുകയാണ്. പോയവാരം അത്‌ലറ്റിക് ബില്‍ബാവോ ആണ് മഴയില്‍ കുതിര്‍ന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരെ വെള്ളം കുടിപ്പിച്ചത്. കനത്ത മഴയില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ബാഴ്‌സയുടെ സൂപ്പര്‍ നിര കളിയുടെ 92-ാം മിനുട്ടിലാണ് മെസ്സി നേടിയ ഗോളോടെ സമനില കണ്ടെത്തിയത്. മികച്ച നിലവാരമുളള കളിക്കാരും കോച്ചും ഉണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് ഗാര്‍ഡിയോളയുടെ ടീം നേരിടുന്ന പ്രധാന പ്രതിസന്ധി. ബാഴ്‌സയുടെ തിരിച്ചടി മുതലാക്കിയ റയല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ഒസാസുനയെ 7-1 നു തകര്‍ത്ത് ബാഴസയുമായുള്ള പോയിന്റ് വ്യത്യാസം 3 ആക്കി. അടുത്ത മത്സരത്തില്‍ കരുത്തരായ വലന്‍സിയയെ അവരുടെ തട്ടകത്തില്‍ നേരിടുന്ന മാഡ്രിഡിന് ഈ വിജയം ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയം. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ലാവന്റെ നാലാം സ്ഥാനത്തേക്ക് വഴുതിയപ്പോള്‍ അവരെ തോല്‍പിച്ച വലന്‍സിയ മൂന്നാം സ്ഥാനത്തേക്ക് കയറി.
ഹാട്രിക്ക് നേടിയെങ്കിലും ബില്‍ബാവോക്കെതിരെ മെസ്സി ഗോള്‍ നേടിയതോടെ 13 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ഗോള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തന്നെ തുടരേണ്ടി വന്നു. 11 ഗോളോടെ റയലിന്റെ തന്നെ ഹിഗ്വയിന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.
യൂറോ 2012 ന്റെ യോഗ്യതാ മല്‍സരങ്ങള്‍ നടക്കുന്നതിനാല്‍ ഫുട്‌ബോള്‍ ലീഗുകള്‍ ഈ വാരം നിശ്ചലമാണ്.
ഈ വാരം ശ്രദ്ധിക്കേണ്ട മല്‍സരങ്ങള്‍.
11 നു യൂറോ 2012 യോഗ്യതക്കുള്ള അവസാന പ്ലേ ഓഫ് മത്സരങ്ങളുടെ ആദ്യപാദവും 15 നു രണ്ടാം പാദവും നടക്കും. വിജയികള്‍ യൂറോ 2012 ലേക്കും പരാജിതര്‍ പുറത്തേക്കമുള്ള വഴി തേടുമെന്നതിനാല്‍ പോരാട്ടം വാശിയേറിയതാവും.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ സ്‌ട്രൈക്കര്‍ എഡിന്‍ സെക്കോയുടെ ബോസ്‌നിയയേയും തുര്‍ക്കി ക്രൊയേഷ്യയേയും ചെക്ക് റിപ്പബ്ലിക്ക് മോണ്ടിനെഗ്രോയെയും എസ്‌തോണിയ അയര്‍ലണ്ടിനൊയുമാണ് എതിരിടുന്നത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ പോര്‍ച്ചുഗലും ക്രൊയേഷ്യയും ചെക്ക് റിപ്പബ്ലിക്കും അയര്‍ലണ്ടും യൂറോയിലേക്ക് മാര്‍ച്ച ചെയ്യാനാണ് സാധ്യത.
Thursday, November 10, 2011
വിജയപാതയിൽ വീണ്ടും ബയേൺ
ഫുട്‌ബോൾ ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ കാണികൾ എത്തുന്ന ലീഗാണ് ബുണ്ടസ് ലീഗ. ശരാശരി 42673 കാണികൾ ആർത്തുവിളിക്കുന്ന ജർമ്മൻ ലീഗ് ഇക്കാര്യത്തിൽ പണക്കൊഴുപ്പേറിയ ഇതര യൂറോപ്യൻ ഫുട്‌ബോൾ മത്സരങ്ങളായ പ്രീമിയർ ലീഗ് ചാമ്പ്യൻസ് ലീഗ് ഇറ്റാലിയൻ - സ്പാനിഷ് ലീഗുകൾ എന്നിവയെക്കാളെല്ലാം മുന്നിലാണ്. ബുണ്ടസ് ലീഗിലെ അതികായർ ബയേൺ മ്യൂണിക്ക് കഴിഞ്ഞ സീസണിലെ തിരിച്ചടികളുടെ നിരാശ മാറ്റി മുന്നേറുന്ന കാഴ്ചയാണ് 12-ാം റൗണ്ട് സമാപിച്ചപ്പോൾ കാണാൻ കഴിയുന്നത്.
നാലാം റൗണ്ടുമുതൽ പോയിന്റ് പട്ടികയിൽ ഒന്നാമതു തുടരുന്ന ബയേൺ മാരിയോ ഗോമസും ഫ്രാങ്ക് റിബറിയും കളിയുടെ ആദ്യപകുതിയിൽ നേടിയ ഗോളുകളുടെ പിൻബലത്തിൽ ഓഗ്‌സ്ബർഗ് എഫ് സിയെ 2-1 നു പരാജയപ്പെടുത്തിയാണ് സ്ഥാനം നിലനിർത്തിയത്. രണ്ടാമതുണ്ടായിരുന്ന; സ്പാനിഷ് താരം റൗൾ കളിക്കുന്ന ഷാൽക്കെ 04 ഹാനോവറുമായി സമനില വഴങ്ങിയതോടെ 28 പോയിന്റുള്ള ബയേണിന്റെ ലീഡ് 5 പോയിന്റായി. ഷാൽക്കെക്കു നേരിട്ട തിരിച്ചടി മുതലാക്കി തൊട്ടു പിന്നിലുണ്ടായിരുന്ന ടീമുകൾ കുതിച്ചപ്പോൾ ഷാൽക്കെ അഞ്ചാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. 12 -ാം റൗണ്ടിലെ വിജയങ്ങളുമായി കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ബൊറൂഷ്യ ഡോട്മണ്ടും വെർഡർ ബ്രെമനും സീസണിലെ അത്ഭുത പ്രകടനം തുടരുന്ന ബൊറൂഷ്യ മോൺഷെൻ ഗ്ലാഡ്ബാക്കും 23 പോയിന്റുമായി 22 പോയിന്റുള്ള ഷാൽക്കെയെ മറികടന്ന് ബയേണിനു പിന്നിൽ ഗോൾ ശരാശരിയിൽ രണ്ടും മൂന്നും നാലും സ്ഥാനത്ത് നിലയുറപ്പിച്ചു.
ആര്യൻ റോബൻ, ബാസ്റ്റിയൻ ഷ്വാൻസ്റ്റീഗർ, ഫ്രാങ്ക് റിബറി, തോമസ് മുള്ളർ, മാരിയോ ഗോമസ് തുടങ്ങിയ പ്രശസ്ത താരങ്ങൾ അണിനിരന്നിട്ടും കഴിഞ്ഞ സീസണിൽ ആദ്യ മത്സരങ്ങളിൽ ടീം ഇഴയുടകയായിരുന്നു. ഒടുവിൽ കോച്ച് ലൂയി വ്ൻ ഗാലിനെ മാറ്റിയ ടീം പക്ഷേ ഇത്തവണ തുടക്കം മുതലെ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ ബയേണിന്റെ മുന്നേറ്റത്തെക്കാൾ സീസണിലെ പ്രധാന സംഭവം കഴിഞ്ഞ സീസണിൽ റെലഗേഷൻ ഒഴിവാക്കാൻ പ്ലേ ഓഫ് കളിക്കേണ്ടി വന്ന; സമീപകാലത്തൊന്നും ആദ്യ പത്തു സ്ഥാനങ്ങളിൽ ഉൾപ്പെടാത്ത ബൊറൂഷ്യ മോൺഷെൻ ഗ്ലാഡ്ബാക്കിന്റെ പ്രകടനമാണ്. സ്പാനിഷ് ലീഗിൽ ലാവന്റെയും 2008-09 ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമും നടത്തിയ മുന്നേറ്റങ്ങളോട് സാമ്യമുള്ള പ്രകടനമാണ് രണ്ടു വർഷം മുൻപ് ലീഗ് 2 - ൽ കളിച്ചിരുന്ന മോൺഷെൻ ഗ്ലാഡ്ബാക്ക് കാഴ്ചവക്കുന്നത്. മുൻ ഹെർത്താ ബെർലിൻ കോച്ചായിരുന്ന ലൂസിയൻ ഫാവ്രെ എന്ന സ്വിറ്റ്‌സർലാൻഡുകാരനായ മാനേജർക്കു കീഴിൽ ഇതേ പ്രകടനം സീസൺ മുഴുവൻ തുടരാനായാൽ ലീഗിലെ ആദ്യ സ്ഥാനങ്ങളിലൊന്നും അതുവഴി യൂറോപ്യൻ ലീഗിനുള്ള അർഹതയും മോൺഷെൻ ഗ്ലാഡ്ബാക്കിന് അകലെയാവില്ല.
ഗോൾ വേട്ടക്കാരിൽ 12 മത്സരങ്ങളിൽ 13 ഗോളുകളുമായി ബയേണിന്റെ മാരിയോ ഗോമസാണ് മുന്നിൽ. മുൻ ബയേൺ - ചെൽസി താരമായ വെർഡർ ബ്രെമന്റെ പെറുവിയൻ സ്‌ട്രൈക്കർ ക്ലോഡിയോ പിസ്സാറോ ആണ് 11 ഗോളുകളുമായി രണ്ടാമത്. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ടിട്ടുള്ള ഷാൽക്കെയുടെ ഡച്ച് ഫോർവേഡ് ക്ലാസ് യാൻ ഹണ്ട്‌ലർ 10 ഗോളുകളുമായി പുറകെ തന്നെയുണ്ട്. 13-ാം റൗണ്ടിൽ ലീഗിലെ ആദ്യ സ്ഥാനക്കാരായ ബയേണും ഡോട്മണ്ടും നവംബർ 19 നു ബയേണിന്റെ ഹോം ഗ്രൗണ്ടായ അലയൻസ് അറീനയിൽ ഏറ്റുമുട്ടുന്നുണ്ട്. തോറ്റാലും ബയേണിന്റെ ഒന്നാം സ്ഥാനം നഷ്ടമാകില്ലെങ്കിലും ഒരു തോൽവിയോ സമനിലയോ ഡോട്മണ്ടിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. അതു കൊണ്ടുതന്നെ മത്സരം വാശിയേറും. അന്നു തന്നെ മൂന്നാം സ്ഥാനത്തുള്ള വെർഡർ ബ്രെമനും നാലാമതുള്ള മോൺഷെൻ ഗ്ലാഡ്ബാക്കും മോൺഷെൻ ഗ്ലാഡ്ബാക്കിന്റെ ഹോം ഗ്രൗണ്ടായ ബൊറൂഷ്യ പാർക്കിൽ ഏറ്റുമുട്ടുന്നുണ്ട്. രണ്ടു മത്സരങ്ങളും ആദ്യ സ്ഥാനങ്ങളെ നിർണ്ണയിക്കുന്നതിൽ പ്രാധാന്യമേറിയവയാണ്. ന്യൂറംബർഗിനെ നേരിടുന്ന ഷാൽക്കെക്ക് കൈവിട്ടുപോയ സ്ഥാനം തിരിച്ചു പിടിക്കാനുള്ള അവസരം കൂടിയാണിത്.
Subscribe to:
Posts (Atom)