ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിന്റെ സമീപകാലചരിത്രമെടുത്താൽ ഏറ്റവും തിളക്കമാർന്ന ടീമാണ് ഇന്റർ മിലാൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫുട്‌ബോൾ ക്ലബ്ബ് ഇന്റർനാഷണൽ മിലാനൊ. 2005-06 സീസൺ മുതൽ 2009-10 സീസൺ വരെ തുടർച്ചയായ 5 സീരി എ കിരീടമാണ് ഇന്റർ നേടിയത്. ഇതിനിടയിൽ 2009-10 സീസണിൽ ചരിത്രത്തിലാദ്യമായി ട്രപ്പിൾ (സീരി എ, കോപ്പ ഇറ്റാലിയ, ചാമ്പ്യൻസ് ലീഗ്) നേടാനും അവർക്കായി. എന്നാൽ പൂതു സീസൺ കാര്യങ്ങൾ അത്ര സൂഖകരമല്ല എന്നാണ് മൽസരഫലങ്ങൾ സൂചിപ്പിക്കുന്നത്.
ലീഗ് 9 റൗണ്ടുകൾ പിന്നിടുമ്പോൾ തരം താഴ്ത്തൽ ഭീഷണിയുമായി 17-ാം സ്ഥാനത്താണ് ഇന്റർ. ഫുട്‌ബോൾ ലോകത്തിന് ഒട്ടും ദഹിക്കാനാവുന്നതല്ല ഇന്ററിന്റെ ഈ പിന്നോട്ടടി. കഴിഞ്ഞ ആറു സീസണുകളിൽ അഞ്ചു കിരീടങ്ങളും ഒരു റണ്ണർ അപ്പുമായി ഇന്ററിനെ ലോകത്തിന്റെ നെറുകിൽ എത്തിച്ച അതേ ടീമാണ് ഇപ്പോൾ ലീഗിൽ നിലനിൽപിനായി കഷ്ടപ്പെടുന്നത്. ഹോളണ്ടിനെ ലോകകപ്പ് ഫൈനലിൽ എത്തിച്ച വെസ്ലി സ്‌നൈഡർ, ഉറുഗ്വേയെ കോപ്പ അമേരിക്കൻ കിരീടത്തിലും ലോകകപ്പിന്റെ സെമി ഫൈനലിലും എത്തിച്ച ഡീഗോ ഫോർലാൻ, ബ്രസീലിയൻ പ്രതിരോധ നിരയിലെ കരുത്തരായ ലൂസിയോ, മൈക്കോൺ, ഗോൾകീപ്പർ ജൂലിയോ സെസാർ, അർജന്റൈൻ താരങ്ങളായ കാമ്പിയാസ്സോ, ഡീഗോ മിലിറ്റോ തുടങ്ങിയ അതികായർ നിരക്കൂന്ന ടീം താരപ്രഭയിലും പ്രതിഭയിലും ആർക്കും പിന്നിലല്ല. എന്നിട്ടും അവർ പരാജയപ്പെടുന്നതിന്റെ കാരണമാണ് ഫുട്‌ബോൾ ലോകം തിരയുന്നത്.
എല്ലാ കാരണങ്ങളും എത്തി നിൽക്കുന്നത് മാനേജരുടെ തീരുമാനങ്ങൾക്ക് മുന്നിലാണ്. ഇന്റർ തങ്ങളുടെ പടയോട്ടം തുടങ്ങുന്നത് 2004 - ൽ ഇപ്പോഴത്തെ മാഞ്ചെസ്റ്റർ സിറ്റി മാനേജരായ റൊബർട്ടോ മാൻചീനി പരിശീലകനായി എത്തുന്നതോടെയാണ്. ടീമിലെത്തിയ അടുത്ത വർഷം തന്നെ ടീമിനെ കിരീടമണിയിക്കാൻ ഭാഗ്യത്തിന്റെ അകമ്പടി കൂടി മാൻചീനിക്കുണ്ടായി. ഒത്തുകളി വിവാദത്തെത്തുടർന്ന് ജൂവന്റസിൽ നിന്നും തിരിച്ചു വാങ്ങിയ കിരീടം രണ്ടുതവണ സമ്മാനമായി ലഭിച്ചെങ്കിലും അടുത്ത സീസൺ കളിച്ചു തന്നെ ഇന്റർ കിരീടമണിഞ്ഞു. തുടർന്നു വന്ന സൂപ്പർ കോച്ച് മൗറീഞ്ഞോ സീരി എ വിജയങ്ങൾക്കൊപ്പം ടീമിനെ യൂറോപ്യൻ ചാമ്പ്യൻമാരുമാക്കി. എന്നാൽ മൗറീഞ്ഞോ റയൽ മാഡ്രിഡിലേക്ക് പോയതോടെ പകരം വന്ന മുൻ ലിവർപൂൾ മാനേജർ റാഫേൽ ബനിറ്റസിനു കീഴിൽ ടീം പതറാൻ തുടങ്ങി. ഒടുവിൽ പുറത്താക്കപ്പെട്ട ബനിറ്റസിനു പകരമെത്തിയ മുൻ ബ്രസീലിയൻ താരം ലിയണാർഡോ ടീമിനെ ഒരുവിധം പരമ്പരാഗത വൈരികളായ എ സി മിലാനു പിന്നിൽ രണ്ടാമതെത്തിച്ചതായിരുന്നു. എന്നാൽ ലിയണാർഡോ പോയി പകരം ഗാസ്പറീനി പരിശീലകനായി വന്നതോടെ ടീം വീണ്ടും പരാജയങ്ങളിലേക്ക് വഴുതാൻ തുടങ്ങി.
വീണ്ടും പരിശീലകനെ മാറ്റി ക്ലോഡിയോ റാനിയേരിയെ ടീമിന്റെ ചുമതല ഏൽപിക്കുമ്പോൾ ടീം വിജയപാതയിൽ തിരിച്ചെത്തും എന്നു തന്നെയാണ് ഇന്റർ ആരാധകർക്കൊപ്പം ഫുട്‌ബോൾ ലോകവും കരുതിയത്. പ്രത്യേകിച്ചും സമ്മർദ്ദങ്ങളിൽ ഉഴലുന്ന ടീമുകളെ തിരികെ വിജയപാതയിലെത്തിച്ച ചരിത്രമുള്ള റാനിയേരി മാനേജർ റോളിൽ എത്തിയതോടെ. എന്നാൽ ആദ്യത്തെ വിജയത്തിനു ശേഷം റാനിയേരിക്കു കീഴിലും ഇന്റർ പതറുന്ന കാഴ്ചയോടെയാണ് പോയവാരം പൊലിഞ്ഞത്. മികച്ച താരങ്ങളെ ശരിയായി ഉപയോഗിക്കാൻ റാനിയേരിക്കു കഴിഞ്ഞില്ലെങ്കിൽ ഈ സീസൺ ഇന്റർ മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായി മാറിയേക്കും.
No comments:
Post a Comment