മിസ്റ്റർ കൺസിസ്റ്റന്റ്. തിയറ്റർ ഓഫ് ഡ്രീംസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്വന്തം ഓൾഡ് ട്രാഫോഡിൽ കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി കാൽപന്തുകളിയുടെ സിംഫണി ഒരൂക്കുന്ന സ്‌കോട്‌ലണ്ടുകാരനായ സർ അലക്‌സാണ്ടർ ചാപ്പ്മാൻ ഫെർഗൂസനെ വിശേഷിപ്പിക്കാൻ ഇതിലും മികച്ച ഒരു പദമില്ല. 1986 നവംബർ 6 നു റെഡ് ഡെവിൾസിന്റെ മാനേജരായി ചുമതലയേറ്റ ഫെർഗൂസന്റെ തുടക്കം നവംബർ 8 നു ഓക്‌സ്‌ഫോർഡ് യുണൈറ്റഡിനോടു തോൽവി വഴങ്ങിക്കൊണ്ടായിരുന്നു. അടുത്ത മൽസരത്തിൽ ലീഗിലെ നവാഗതരായ നോർവിച്ച് സിറ്റിയോട് സമനില. അടുത്ത മൽസരത്തിലാണ് ഫർഗൂസൻ ആദ്യ വിജയം രുചിച്ചത്. ക്യൂൻസ് പാർക്ക് റേഞ്ചേഴ്‌സുമായുള്ള വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാത്രമല്ല യൂറോപ്യൻ ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലേക്കുള്ള നാന്ദിയായിരുന്നെന്നു.
മാഞ്ചസ്റ്ററിലെത്തും മുൻപ് തന്നെ സ്‌കോട്ടിഷ് ക്ലബ്ബായ അബെർദീനിലെ 8 വർഷം നീണ്ട കാലയളവിൽ യുവേഫ സൂപ്പർ കപ്പും യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പും അടക്കം പത്തോളം കിരീടങ്ങളിലേക്ക് ടീമിനെ നയിച്ച ഫെർഗി ഡെവിൾസിനൊപ്പം നേടിയ 38 കിരീടങ്ങൾ ഒരു ഫുട്‌ബോൾ മാനേജർമാർക്കും സമീപഭാവിയിലൊന്നും തന്നെ എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസമായി കരുതപ്പെടുന്ന മാറ്റ് ബുസ്ബിയുടെ റെക്കോഡുകൾ പോലും പഴങ്കഥയാക്കിയ ഫെർഗിയുടെ നേട്ടങ്ങൾ സ്ഥിതിവിവരക്കണക്കുകൾ കൊണ്ട് മാത്രം അളക്കാവുന്നതല്ല. താരപ്രഭയേക്കൾ ടീമിന്റെ കൂട്ടായ പരിശ്രമത്തിനായിരുന്നു കളിക്കളത്തിലെ ഈ ചാണക്യൻ എന്നും പ്രാധാന്യം നൽകിയത്.
സൂപ്പർ താരങ്ങളെ ഒരിക്കൽ പോലും കയറൂരി വിടാൻ തയ്യാറാകാതിരുന്ന ഫെർഗി ടീമിന്റെ കടിഞ്ഞാൺ തന്റെ കയ്യിൽ തന്നെ ഭദ്രമായി സൂക്ഷിച്ചു. അതുകൊണ്ടു തന്നെ ടീമിന്റെ വിജയങ്ങൾ എന്നും ഫെർഗൂസൻ എന്ന തന്ത്രജ്ഞന്റെ വിജയം തന്നെയായിരുന്നു. പ്രീമിയർ ലീഗും എഫ് എ കപ്പും ചാമ്പ്യൻസ് ലീഗും ലോക ക്ലബ്ബ് ഫുട്‌ബോൾ കിരീടവും എല്ലാം റെഡ് ഡെവിൾസിനൊപ്പം നേടിയ ഫെർഗൂസന് ഒരു ക്ലബ്ബ് ഫുട്‌ബേൾ മാനേജർ എന്ന നിലയിൽ കീഴടക്കാനായി ഒന്നുമില്ല എന്നു തന്നെ പറയാം.
കഴിഞ്ഞ ശനിയാഴ്ച സണ്ടർലാന്റിനെതിരെയുള്ള മൽസരം ഓൾഡ് ട്രാഫോഡിൽ രജത ജൂബിലി തികച്ച ഫെർഗൂസനെ ആദരിച്ച ശേഷമാണ് കിക്ക് ഓഫ് ചെയ്തത്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 1410 -ാം മൽസരത്തിനിറങ്ങിയ ഫെർഗൂസൻ സണ്ടർലാന്റ് - മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമംഗങ്ങൾ നൽകിയ ഗാർഡ് ഓഫ് ഓണറിനു നടുവിലൂടെയാണ് ഓൾഡ് ട്രാഫോഡിന്റെ പച്ചപ്പിലേക്ക് നടന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് ഗിൽ ഓൾഡ് ട്രാഫോഡിന്റെ നോർത്ത് സ്റ്റാൻഡിന് സർ അലക്‌സ് ഫെർഗൂസൻ സ്റ്റാൻഡ് എന്ന് നാമകരണം ചെയ്താണ് മാനേജ്‌മെന്റിന്റെ ആദരം പ്രഖ്യാപിച്ചത്.
ജൂബിലി മൽസരം ഫെർഗൂസന് മറ്റു ചില കാര്യങ്ങൾ കൊണ്ടുകൂടി പ്രത്യേകതയുള്ളതായിരുന്നു. എതിർ ടീം സണ്ടർലാന്റിന്റെ മാനേജർ സ്റ്റീവ് ബ്രൂസ് 1987 മുതൽ 1996 വരെ ഒൻപത് വർഷത്തോളം ഫെർഗൂസന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധനിരയിലെ താരമായിരുന്നു. കൂടാതെ ഈ സീസണിൽ സണ്ടർലാന്റിലേക്കു മാറിയ പതിനഞ്ചു വർഷം ഫെർഗൂസന്റെ കീഴിൽ യുണൈറ്റഡിൽ കളിച്ച ഇംഗ്ലീഷ് ഡിഫൻഡർ വെസ് ബ്രൗണും പതിമൂന്ന് വർഷം മാഞ്ചസ്റ്റർ പ്രതിരോധനിരയിൽ കളിച്ച അയർലാൻഡ് താരം ജോൺ ഒഷിയയും ആദ്യമായി ഓൾഡ് ട്രാഫോഡിലേക്ക് തിരിച്ചെത്തിയ മൽസരം കൂടിയായിരുന്നു ഇത്.
പേശീവലിവു മൂലം ഒഷിയ കളിക്കാനിറങ്ങാതിരുന്ന മൽസരം വെസ് ബ്രൗണിനെ സംബന്ധിച്ചിടത്തോളം ദുരന്തമായി മാറി. ആദ്യപകുതിയുടെ അവസാന മിനുട്ടിൽ ബ്രൗൺ വഴങ്ങിയ സെൽഫ് ഗോളിനാണ് മാഞ്ചസ്റ്റർ മൽസരം സ്വന്തമാക്കിയത്. മറ്റു മൽസരങ്ങളിൽ ന്യൂകാസിൽ 2-1 നു എവർട്ടണെ പരാജയപ്പെടുത്തി 25 പോയന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനം നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിനേക്കാൾ ഒരു പോയന്റ് മാത്രം പുറകിലാണ് മാഗ്‌പൈസ് എന്ന് വിളിക്കപ്പെടുന്ന ന്യൂ കാസിൽ. മിഡ്ഫീൽഡർ ഫ്രാങ്ക് ലാംപാർഡ് നേടിയ ഏക ഗോളിന് ബ്ലാക്‌ബേണിനെ മറികടന്ന ചെൽസി ന്യൂകാസിലിനു മൂന്നു പോയിന്റ് പുറകിൽ നാലാം സ്ഥാനത്തു തന്നെ തുടരുന്നു. ഫുൾഹാമിനെ 3-1നു തോൽപ്പിച്ച ടോട്ടൻഹാമിനും ചെൽസിക്കൊപ്പം 22 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിലെ മുൻതൂക്കം ബ്ലൂസിന് തൽക്കാലത്തേക്ക് തുണയായി. ടോട്ടൻഹാം ഒരു മൽസരം കുറച്ചാണ് കളിച്ചതെന്നത് അവരുടെ സാധ്യതകൾ വർധിപ്പിക്കുന്നു. സ്വാൻസിയോട് ലിവർപൂളിന് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നപ്പോൾ ക്യാപ്ടൻ കൂടിയായ ഡച്ച് സ്‌ട്രൈക്കർ റോബിൻ വാൻ പേഴ്‌സിയുടെ മിന്നുന്ന ഫോമിൽ കുതിക്കുന്ന ആഴ്‌സണൽ വെസ്റ്റ് ബ്രോംവിച്ചിനെ 3-0 നു തുരത്തി പോയിന്റ് നിലയിൽ ലിവർപൂളിനൊപ്പമെത്തി. വാൻ പേഴ്‌സിക്കൊപ്പം ഡിഫൻഡർ വെർമ്യൂലനും മിക്കേൽ അർട്ടേറ്റയും ഗോൾ നേടി. ലീഗിലെ ഗോൾ വേട്ടക്കാരിൽ ആഴ്‌സണൽ നായകൻ തന്നെയാണ് ഈ വാരവും മുന്നിട്ടു നിൽക്കുന്നത്. ഡാരൻ ബെന്റിന്റെ ഇരട്ട ഗോൾ മികവിൽ ആസ്റ്റൺ വില്ല 3-2 ന് നോർവിച്ചിനെ പരാജയപ്പെടുത്തി.
ലീഗിൽ മുന്നിലുള്ള മാഞ്ചസ്റ്റർ സിറ്റി കടുത്ത പോരാട്ടത്തിനൊടുവിലാണ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ക്യൂൻസ് പാർക്ക് റേഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയത്. വൂൾവ്‌സ് 3-1 നു ലീഗിലെ അവസാന സ്ഥാനക്കാരായ വീഗാനെ പരാജയപ്പെടുത്തിയപ്പോൾ തരം താഴ്ത്തൽ ഭീഷണിയിലായിരുന്ന ഓവൻ ഹാർട്ടിന്റെ ബോൾട്ടൺ വാണ്ടറേഴ്‌സ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് സ്‌റ്റോക്ക് സിറ്റിയെ പരാജയപ്പെടുത്തി ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ടാണ് പ്രീമിയർ ലീഗിന്റെ 11 - ാം റൗണ്ട് അവസാനിച്ചത്.
No comments:
Post a Comment