ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വാം അപ്പ് ചെയ്യാനുള്ള കോച്ചിന്റെ നിർദേശം അവഗണിച്ചു എന്ന ആരോപണത്തെത്തുടർന്ന് അന്വേഷണം നേരിടുന്ന കാർലോസ് ടെവസിനു മുന്നിൽ ഒത്തുതീർപ്പ് ഫോർമുല നീട്ടിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി കോച്ച് റൊബർട്ടോ മാൻചീനി. തന്നോടും ടീമിനോടും നിരുപാധികം മാപ്പു പറഞ്ഞാൽ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നാണ് മാൻചീനിയുടെ വാഗ്ദാനം.
റിസർവ്വ് ബഞ്ചിലുണ്ടായ ആശയക്കുഴപ്പം മൂലമാണ് വിവാദസംഭവം ഉണ്ടായതെന്ന വിശദീകരണത്തോടെ അന്നു തന്നെ ടെവസ് ക്ലബ്ബ് ആരാധകരോടും മാനേജ്‌മെന്റിനോടും മാപ്പു പറഞ്ഞതാണ്. എന്നാൽ കോച്ചിന്റെ കടുംപിടുത്തം മൂലം ക്ലബ്ബധികൃതർ തങ്ങളുടെ നായകനെ അന്വേഷണ വിധേയമായി സസ്‌പെൻഡു ചെയ്യുകയാണുണ്ടായത്. അതിനു ശേഷം കളത്തിലിറങ്ങിയിട്ടില്ലാത്ത ടെവസിനെതിരായ മാൻചീനിയുടെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് ക്ലബ്ബ് നടത്തിയ അന്വഷണത്തിൽ തെളിഞ്ഞതെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് മാൻചീനി പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സന്നദ്ധത തുറന്നു പ്രകടിപ്പിച്ചത്.
എന്നാൽ ടെവസ് സിറ്റിയിൽ തുടരാൻ സാധ്യത കുറവാണെന്നാണ് ഒടുവിലെ സൂചനകൾ വ്യക്തമാക്കുന്നത്. ഈ സീസൺ തുടങ്ങും മുമ്പു തന്നെ സിറ്റി വിടാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരുന്ന ടെവസിനെ ഏറ്റെടുക്കാൻ മറ്റു ക്ലബ്ബുകൾക്ക് തടസ്സമായിരുന്നത് ആഴ്ചയിൽ ഒന്നര കോടിയോളം വരുന്ന താരത്തിന്റെ പ്രതിഫലം തന്നെ ആയിരുന്നു. എന്നാൽ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ താരത്തിനായി ഇപ്പോഴെ ആഗ്രഹം പ്രകടിപ്പിച്ച ലിവർപൂളിനും റയൽ മാഡ്രിഡിനും ടെവസിനെ ഉൾക്കൊള്ളാനുള്ള സാമ്പത്തികശേഷി ഉണ്ടെന്നത് സമ്മർ വിൻഡോയിലെ പരാജയപ്പെട്ട ട്രാൻസ്ഫർ ശ്രമം പോലെ ആവില്ല ജനുവരിയിൽ എന്നതിന്റെ സൂചനയാണ്. മറ്റേതേങ്കിലും ക്ലബ്ബിലേക്ക് മാറുന്നതിൽ താരത്തിന് സന്തോഷമേ ഉള്ളൂ എന്ന് ടെവസിന്റെ മാനേജർ പറയുന്നതിന്റെ ആത്മവിശ്വാസത്തിനു പിന്നിലും അതു തന്നെ ആയിരിക്കണം. സിറ്റി കോച്ച് മാൻചീനിക്കും ടെവസ് പോകുന്നതിൽ എതിരഭിപ്രായമുണ്ടാകില്ല. ടീമിൽ സ്‌ട്രൈക്കർമാരായ മാരിയോ ബലോട്ടെല്ലിയും എഡിൻ സെക്കോയും അർജന്റിനയുടെ തന്നെ സെർജിയോ അഗ്യൂറോയും മികച്ച ഫോമിൽ നിൽക്കെ ഇനി ഒരു ഫോർവേഡിന്റെ കൂടി ആവശ്യം ടീമിനില്ല. പ്രത്യേകിച്ചും മാൻചീനി 4-2-3-1 പാറ്റേണിൽ ഒരു സ്‌ട്രൈക്കറെ മാത്രം മുന്നിൽ നിർത്തിയുള്ള കേളീശൈലി പിൻതുടരുമ്പോൾ.
തുടക്കം മുതൽ തന്നെ വിവാദങ്ങളും തുടരെയുളള ട്രാൻസ്ഫറുകളും ന്‌റഞ്ഞതായിരുന്നു ടെവസിന്റെ കരിയർ. 2001 - ൽ ബൊക്കാ ജൂനിയേഴ്‌സിൽ തുടങ്ങി 2009 - ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നതു വരെ 8 വർഷത്തിനിടെ 5 ട്രാൻസ്ഫറുകളാണ് ടെവസ് നടത്തിയത്. ബൊക്കയിൽ നിന്നും ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസിലേക്കും അവിടെ നിന്നും വിവാദങ്ങളുയർത്തി പ്രീമിയർ ലീഗ് ടീമായ വെസ്റ്റ് ഹാമിലേക്കും ഒരു വർഷത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും മാറിയ ശേഷമാണ് ടെവസ് റെഡ് ഡെവിൾസിന്റെ ബദ്ധവൈരികളായ സിറ്റിയിലേക്കെത്തുന്നത്. 1976 - ലെ ലീഗ് കപ്പ് ഉയർത്തിയ ശേഷം നീണ്ട 35 വർഷങ്ങൾക്കൊടുവിൽ 2011 ലെ എഫ് എ കപ്പിലൂടെ കിരീടവരൾച്ചക്ക് അന്ത്യം കുറിച്ച ടീം നായകൻ ഉടൻ തന്നെ ടീമിൽ തുടരുന്നതിൽ താൻ അസംതൃപ്തനാണെന്ന് പ്രഖ്യാപിച്ചത് ഏവരേയും ഞെട്ടിച്ച സംഭവമായിരുന്നു. കളിച്ച ടീമുകൾക്കെല്ലാം വേണ്ടി ഗോളുകൾ അടിച്ചു കൂട്ടിയെങ്കിലും എന്നും വിവാദങ്ങൾ ഉണ്ടാക്കി ക്ലബ്ബ് മാനേജ്‌മെന്റുകൾക്ക് തലവേദനയാവുകയായിരുന്നു ഈ അർജന്റൈൻ ഫോർവേഡ്. തന്റെ തന്നെ മാനേജരുടെ കളിപ്പാവയായി മാറുകയായിരുന്നു ടെവസ് എന്നും ആരാധകർ പരിതപിക്കുന്നുണ്ട്. എന്തായാലും കളിക്കളത്തിനു പുറത്തെ അസ്വസ്ഥമായ സംഭവങ്ങളിൽ പെട്ട് കളിയിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ അകാലത്തിൽ ആ കരിയർ പൊലിഞ്ഞാൽ ടെവസിന്റെ വ്യക്തിപരമായ നഷ്ടത്തിനൊപ്പം ലോക ഫുട്‌ബോളിന്റെ കൂടി നഷ്ടമാണ്.
ചെറു ബാല്യത്തിൽ വിശന്നിരിക്കുന്ന തന്റെയും സഹോദരങ്ങളുടേയും അരികിലേക്ക് വെറും കയ്യുമായി വരേണ്ടി വന്നിരുന്ന തന്റെ പിതാവിന്റെ നിസഹായതയെ പന്തുമായി ബ്യൂണസ് അയേഴ്‌സിലെ തെരുവിലേക്കിറങ്ങി മറന്നിരുന്ന ടെവസിന് ഫുട്‌ബോൾ ഭൗതികവും മാനസികവുമായുള്ള എല്ലാ വെല്ലുവിളികളും മറക്കാനും മറികടക്കാനുമുള്ള വൈകാരികതയായിരുന്നു. കൊച്ചു കുഞ്ഞായിരിക്കുമ്പോൾ തിളച്ച ചായ വീണ് പൊള്ളിയ കഴുത്തിലെ കലകൾ കോസ്‌മെറ്റിക് സർജറി ചെയ്ത് മാറ്റാൻ പറഞ്ഞവരോട് അത് യഥാർത്ഥ കാർലോസ് ടെവസ് ആരായിരുന്നു എന്നതിന്റെ ഓർമ്മയാണെന്നും ആ ഇന്നലെകളെ തന്നിൽനിന്നും മായ്ക്കാൻ ഒരു സർജറിക്കും ആവില്ലെന്നും ഉറച്ച മനസ്സോടെ പറഞ്ഞ ടെവസ് ഇപ്പോഴത്തെ സംഘർഷങ്ങളെയും മായ്ക്കാനും മറക്കാനുമായി തന്റെ എക്കാലത്തെയും വിശ്വസ്ഥ ചങ്ങാതിയായ പന്തുമായി എതിർ പ്രതിരോധ നിരകൾക്കിടയിലൂടെ ശരവർഷം നടത്തും എന്നു തന്നെയാണ് ഫുട്‌ബോൾ പ്രേമികൾക്ക് വിശ്വസിക്കാനിഷ്ടം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ തന്നെ താനാക്കിയ കാൽപന്തുകളിയോടും അതിനെ ജീവനെക്കാളേറെ സ്‌നേഹിക്കുന്ന ശതകോടികളോടും ചെയ്യുന്ന വിശ്വാസവഞ്ചനയാവും. മാപ്പു പറഞ്ഞാലും ഇല്ലെങ്കിലും മാഞ്ചസ്റ്റർ സിറ്റിയിൽ തുടർന്നാലും ഇല്ലെങ്കിലും കാർലോസ് ടെവസ് എന്ന പ്രതിഭ കളിക്കളത്തിലെ പുൽപ്പടർപ്പിൽ മിന്നൽപ്പിണരുകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കട്ടെ എന്നു ഫുട്‌ബോളിനെ ജീവനായി കരുതുന്ന ്‌നേകായിരങ്ങൾക്കൊപ്പം നമുക്കാശിക്കാം.
No comments:
Post a Comment