Wednesday, November 16, 2011

ലാംപാർഡ് രണ്ടാമൻ !!!

ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിന് ഇനിയും ഒരുമാസത്തിലേറെ സമയമുണ്ടെങ്കിലും ഫുട്‌ബോൾ വൃത്തങ്ങളിൽ ചർച്ചകൾക്ക് ചൂടുപിടിച്ചു കഴിഞ്ഞു. കാർലോസ് ടെവസും ഡേവിഡ് ബെക്കാമും റോബ് വാൻ പേഴ്‌സിയുമൊക്കെ ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഏവരും കൗതുകത്തോടെ നിരീക്ഷിക്കുന്നത് ഒരു കൗമാരക്കാരനെയാണ്. അതും ലീഗിന്റെ മൂന്നാം ടയറിൽ എലിമിനേഷൻ ഭീഷണി നേരിടുന്ന: ഫുട്‌ബോൾ ലോകത്ത് അധികമൊന്നും അറിയപ്പെടാത്ത ഒരു ക്ലബ്ബിന്റെ; ഇനിയും പത്തു മത്സരം പോലും തികച്ചു കളിച്ചിട്ടില്ലാത്ത സ്‌കൂൾ വിദ്യാർത്ഥിയായ ഒരു അറ്റാക്കിംഗ് മിഡ്ഫീൽഡറെ. അടുത്ത ഫ്രാങ്ക് ലാംപാർഡ് എന്ന് നിരീക്ഷകർ വിശേഷിപ്പിക്കുന്ന വികോം വാണ്ടറേഴ്‌സിന്റെ ഫോർവേഡ് ജോർഡോൺ ഇബെ എന്ന പേരിൽ അറിയപ്പെടുന്ന ജോർഡോൺ ആഷ്‌ലി ഇബൈ എന്ന പതിനഞ്ചുകാരനെ. സീസണിന്റെ തുടക്കത്തിൽ തന്നെ യുവതാരങ്ങളെ വാർത്തെടുക്കുന്നതിൽ അഗ്രഗണ്യനായ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ സർ അലക്‌സ് ഫെർഗൂസൻ നോട്ടമിട്ടിരുന്ന ഇബെക്കു പിന്നാലെ ഇപ്പോൾ പ്രീമിയർ ലീഗിലെ വമ്പൻമാരുടെ പടയാണ്. മെട്രിക്കുലേഷൻ ഇനിയും പൂർത്തിയാക്കിയിട്ടില്ലാത്ത നൈജീരിയൻ വംശജനായ ഈ ഇംഗ്ലീഷ് താരത്തിന് ഇടക്കിടെ പഠനത്തിനായി സമയം മാറ്റി വയ്‌ക്കേണ്ടി വരുന്നതിനാൽ വികോം വാണ്ടറേഴ്‌സിന്റെ ലീഗ് - 1 മത്സരങ്ങളിൽ തുടർച്ചയായി കളിക്കാൻ സാധിക്കാറില്ല. സീസണിൽ നാലു ലീഗ് മത്സരങ്ങൾ ഉൾപ്പെടെ എട്ട് കളികൾ മാത്രമാണ് ഇബെ കളിച്ചത്. കളിച്ച മത്സരങ്ങളിൽ എല്ലാം തന്റെ പ്രതിഭാസ്പർശം തെളിയിച്ച ഇബെയുടെ പരീശീലന സമയത്തെ വീഡിയോകൾ പുറത്ത് വന്നതോടെയാണ് വികോം പരിശീലകനായ മുൻ അയർലണ്ട് താരം ഗരി വഡ്ഡോക്കിന്റെ വാക്കുകളെ കടമെടുത്താൽ ഫുട്‌ബോൾ ലോകം ഒരു കൗമാര വിസ്മയത്തിനു ചുറ്റും വീണ്ടും കറങ്ങാൻ തുടങ്ങിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 9 ന് വികോമിന്റെ ഹോം ഗ്രൗണ്ടായ ആഡംസ് പാർക്കിൽ കോൾചെസ്റ്റർ യുണൈറ്റഡിനെതിരായ ലീഗ് കപ്പ് മത്സരത്തിനിറങ്ങി തന്റെ പ്രൊഫഷണൽ കരിയറിന് തുടക്കം കുറിക്കുമ്പോൾ ഇബെയ്ക്ക് 15 വയസ്സും 244 ദിവസവും മാത്രമായിരുന്നു പ്രായം. ഒക്ടോബർ 15 ന് ഹർട്ടിൽപൂൾ യുണൈറ്റഡിനെതിരായ ലീഗ് മത്സരത്തിനിറങ്ങിയത് വികോം വാണ്ടറേഴ്‌സിന്റെ എക്കാലത്തേയും ഏറ്റവും പ്രായം കുറഞ്ഞ ലീഗ് പ്ലയർ എന്ന റെക്കോഡ് തന്റെ പേരിലാക്കിക്കൊണ്ടായിരുന്നു. ഒക്ടോബർ 29 ന് ആഡംസ് പാർക്കിൽ ഷെഫീൽഡ് വെനസ്‌ഡേക്കെതിരായ മത്സരത്തിൽ 29-ാം മിനുട്ടിൽ കരിയറിലെ ആദ്യ ഗോൾ നേടിയപ്പോൾ വികോമിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ എന്ന റെക്കോർഡും ഇബെ സ്വന്തമാക്കി. കരിയറിലെ ആദ്യഗോളിന്റെ ആഹ്ലാദം പങ്കിടാൻ ഗാലറിയിലുണ്ടായിരുന്ന മാതാപിതാക്കളുടെ അരികിലേക്ക് ആവേശത്തോടെ ഓടിയ ഇബെയെ മഞ്ഞകാർഡു കാണിച്ച റഫറി ക്രിസ്റ്റഫർ സർഗിൻസന്റെ തീരുമാനം ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. സീസൺ തുടങ്ങും മുൻപ് സ്റ്റയിൻസിനെതിരെ നടന്ന സൗഹൃദമത്സരത്തിൽ ഇബെയുടെ പ്രകടനം ശ്രദ്ധിച്ച ഫെർഗൂസൻ ഉടൻ തന്നെ താരത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വികോം മാനേജർ ഗാരി വഡ്ഡോക്ക് കാത്തിരിക്കാൻ പറയുകയായിരുന്നു. ഷെഫീൽഡിനെതിരായ ഗോളോടെ മുന്നേറ്റനിരയിലും അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഒരുപോളെ തിളങ്ങുന്ന ഇബെയെ തേടി വീണ്ടും ഒഫറുകൾ എത്തി. ആദ്യം സമീപിച്ചത് സാക്ഷാൽ ലാംപാർഡ് കളിക്കുന്ന ചെൽസിയുടെ മാനേജർ ആേ്രന്ദ വില്ലാസ് ബോസ് തന്നെയായിരുന്നു. എന്നാൽ ഏവരേയും അമ്പരപ്പിച്ചുകൊണ്ട് ഇബെ ആ ഓഫർ തള്ളിക്കളയുകയായിരുന്നു. മധ്യനിരയിലും മുന്നേറ്റ നിരയിലും സൂപ്പർ താരങ്ങൾ നിരക്കുന്ന ചെൽസിയിൽ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാനുള്ള സാധ്യത വളരെക്കുറവാണെന്നതായിരിക്കണം ഇബെ ഇത്തരമൊരു മോഹിപ്പിക്കുന്ന അവസരത്തിനു നേരേ നൊ പറയാൻ കാരണം. പക്ഷേ മികച്ച ഓഫറുകൾ ഇനിയും ഇബെയെത്തേടി വരുമെന്നു മുൻകൂട്ടിക്കണ്ട് വികോം ബോസ്സ് വഡ്ഡോക്ക് ആണ് ആ ട്രാൻസ്ഫറിനു തടസ്സം നിന്നതെന്നും വാർത്തകളുണ്ട്. ആന്ദ്രേക്കു തൊട്ടു പിന്നാലെ മാഞ്ചസ്റ്റർ സിറ്റി മാനേജർ റൊബർട്ടോ മാൻചീനിയും ഫുൾഹാം മാനേജർ മാർട്ടിൻ ജോളും ഇബെയെ സ്വന്തമാക്കാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. അതിനിടയിൽ ഇബെ ലിവർപൂളിന്റെ ആൻഫീൽഡിൽ ട്രയൽസ് നടത്തിയെന്നും അനൗദ്യോഗിക റിപ്പോർട്ടുകൾ പരക്കുന്നുണ്ട്. ആഴ്‌സീൻ വെംഗറും താരത്തിനായി താത്പര്യം പ്രകടിപ്പിച്ചതോടെ ജനുവരി ട്രാൻസ്ഫറിലെ ശ്രദ്ധാകേന്ദ്രമാവുകയാണ് ഈ പതിനഞ്ചുകാരൻ. മാഞ്ചസ്റ്റർ യുണൈറ്റഡും ഇബെയെ സ്വന്തമാക്കാനുള്ള മത്സരത്തിൽ മുന്നിൽ തന്നെയുണ്ട്. ഒടുവിൽ കിട്ടുന്ന സൂചനകൾ അനുസരിച്ച് ഒരു മില്ല്യൺ പൗണ്ടിലേറെയാണ് വികോം വാണ്ടറേഴ്‌സ് ഇബെക്കായി ആവശ്യപ്പെടുന്നത്. അതായത് ഒരു കൗമാരപ്രായക്കാരന് ഇതുവരെ നൽകിയിട്ടുള്ളതിനെക്കാൾ ഏറെ കൂടുതൽ. പ്രീമിയർ ലീഗിൽ മികച്ച പ്രകടനം തുടരാൻ കഴിഞ്ഞാൽ മൈക്കൽ ഓവനും വെയ്ൻ റൂണിക്കും തിയോ വാൽകോട്ടിനും ശേഷം ഇംഗ്ലണ്ടിന് ലഭിക്കുന്ന മറ്റൊരു കൗമാര വിസ്മയം കൂടിയാവും ജോർഡോൺ ഇബെ.

No comments: