Tuesday, November 15, 2011

ബോസ്‌നിയ പോർച്ചുഗലിന്റെ വഴി മുടക്കുമോ???

നവംബർ 11 നു നടന്ന യൂറോ 2012 യോഗ്യതാ പ്ലേ ഓഫ് മത്സരങ്ങളുടെ ആദ്യപാദത്തിൽ ഏറെക്കുറേ പ്രതീക്ഷിച്ച ഫലങ്ങൾ തന്നെയാണ് പിറന്നത്. അയർലണ്ട് എസ്താണിയയേയും ചെക്ക് റിപ്പബ്ലിക്ക് മോണ്ടിനെഗ്രോയേയും ക്രൊയേഷ്യ തുർക്കിയേയും പരാജയപ്പെടുത്തിയപ്പോൾ കരുത്തരായ പോർച്ചുഗലിനെ ബോസ്‌നിയ സമനിലയിൽ കുരുക്കിയതു മാത്രമാണ് ചെറുതായെങ്കിലും പ്രതീക്ഷകളെ തെറ്റിച്ചത്. സെനിക്കയിലെ 15000 സീറ്റിംഗ് കപ്പാസിറ്റി മാത്രമുള്ള ബിലിനോ പോജെ സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ബോസ്‌നിയൻ ആരാധകരെ സാക്ഷി നിർത്തിയാണ് എഡിൻ സെക്കോയും കൂട്ടരും സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയും ഫാബിയോ കോൺട്രാവോയും പെപ്പെയും നാനിയും റൗൾ മിറെൽസും ഹെൽഡർ പോസ്റ്റീഗയുമെല്ലാം അണിനിരന്ന പൗളോ ബെന്റോയുടെ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ബഹുഭൂരിപക്ഷം സമയവും ആധിപത്യം പുലർത്തിയത് പറങ്കിപ്പട തന്നെയായിരുന്നു. റൊണാൾഡോയും നാനിയും പോസ്റ്റീഗയുമെല്ലാം ബോസ്‌നിയൻ ഗോൾമുഖത്ത് ഇരമ്പിയാർത്തെങ്കിലും നായകൻ എമിർ സ്പായിക്കിന്റെ നേതൃത്വത്തിൽ പ്രതിരോധനിര ഉറച്ചു നിന്നപ്പോൾ ലക്ഷ്യം മാത്രം അകന്നു നിന്നു. അതിനിടയിൽ 81-ാം മിനുട്ടിൽ ബോസ്‌നിയക്കു കിട്ടിയ സുവർണ്ണാവസരം വെദാദ് ഇബിസെവിച്ച് തുലച്ചതോടെ മത്സരം സമനിലയിൽ കുരുങ്ങുകയായിരുന്നു. പതിവു ഗോൾകീപ്പർ എഡ്വേർഡോക്കു പകരം പോർച്ചുഗീസ് ഗോൾവല കാത്ത സ്‌പോർട്ടിംഗ് ലിസ്ബൺ താരം റൂയി പാട്രീഷ്യോ മാത്രം മുന്നിൽ നിൽക്കെയാണ് ജർമ്മൻ ക്ലബ്ബായ ഹോഫൻഹെയിം സ്‌ടൈക്കർ ഇബിസെവിച്ച് പന്ത് ബാറിനു മുകളിലൂടെ പറത്തിയത്. ഇന്ന് ലിസ്ബണിൽ നടക്കുന്ന രണ്ടാം പാദത്തിൽ പോർച്ചുഗലിന് സ്വന്തം ഗ്രൗണ്ടെന്ന ആനുകൂല്യമുണ്ടെങ്കിലും ഗോളടിച്ചുകൊണ്ടുള്ള സമനില പോലും എവേ ഗോളിന്റെ പിൻബലത്തിൽ ബോസ്‌നിയയെ യൂറോ 2012 ലേക്ക് കൈപിടിച്ചു നടത്തുമെന്നതിനാൽ സമ്മർദ്ദവും ഏറെയാണ്. കാണികളുടെ ഉച്ചസ്ഥായിയിലുള്ള ആരവത്തിന് ഗിന്നസ് റെക്കോർഡ്‌സിൽ സ്ഥാനം പിടിച്ച ഗലാത്‌സറേയുടെ പുതിയ ഗ്രൗണ്ടായ ഇസ്താംബുള്ളിലെ തുർക്ക് ടെലകോം അറീനയിൽ തിങ്ങി നിറഞ്ഞ അൻപതിനായിരത്തിലേറെ ആരാധകർക്കു മുന്നിലാണ് എതിരില്ലാത്ത മൂന്നു ഗോളിന് തുർക്കി ക്രൊയേഷ്യയോട് പരാജയപ്പെട്ടത്. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ക്രൊയേഷ്യ ആദ്യത്തെ വെടി പൊട്ടിച്ചു. ടോട്ടൻഹാം താരം വെഡ്രാൻ കോർലുക്കയുടെ ക്രോസ്സിൽ നിന്നും ബയേൺ മ്യൂണിച്ച് സ്‌ട്രൈക്കർ ഇവിക ഒലിച്ച് ആണ് തുർക്കിക്കുവേണ്ടി അലറിവിളിച്ച കാണികളെ സ്തബ്ദരാക്കി വോൾക്കൻ ഡെമിറൽ കാത്ത തുർക്കി ഗോൾ വല ചലിപ്പിച്ചത്. 32 -ാം മിനുട്ടിൽ ക്രൊയേഷ്യൻ നായകൻ ദാരിയോ സർനയുടെ പാസിനു തലവച്ച് സ്‌ട്രൈക്കർ മാരിയോ മാൻസുക്കിച്ച് സ്‌കോർ 2-0 ആക്കി. 51-ാം മിനുട്ടിൽ ഷാക്തർ ഡോണെട്‌സ്‌ക് താരമായ സർനയുടെ തന്നെ ഫ്രീകിക്കിൽ നിന്നും കോർലുക്ക കൂടി തുർക്കി വല കുലുക്കിയതോടെ മത്സരം ഏകപക്ഷീയമാവുകയായിരുന്നു. റയൽ മാഡ്രിഡ് താരം ഹമിത് ആൾട്ടിൻടോപ്പിന്റെ മികവിൽ തുർക്കി തിരിച്ചു വരാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും സ്വന്തം ആരാധകരെ നിരാശയിലാഴ്ത്താൻ തന്നെയായിരുന്നു അവരുടെ വിധി. അതിനിടയിൽ സിമുനിച്ചിന്റെയും ലൂക്ക മോഡ്രിച്ചിന്റെയും ചില ശ്രമങ്ങൾ ഡമിറൽ തടഞ്ഞത് വൻ തോൽവിയിൽ നിന്നും തുർക്കിയെ രക്ഷിച്ചു. 1998 - ൽ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ടീമിലെ പ്രതിരോധനിരയിലെ താരമായിരുന്ന സ്ലാവെൻ ബിലിച്ച് പരിശീലിപ്പിക്കുന്ന ക്രൊയേഷ്യൻ ടീം അന്നത്തെ സൂപ്പർ താരനിരക്കൊപ്പം നിൽക്കില്ലെങ്കിലും പരിശീലകരിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന ഗസ്സ് ഹിഡ്ഡിങ്ക് പരിശീലിപ്പിക്കുന്ന തുർക്കിയെ ഇന്ന് സാഗ്രെബിൽ നടക്കുന്ന രണ്ടാം പാദത്തിലും പിടിച്ചു കെട്ടി മുന്നോട്ട് പോകാൻ തന്നെയാണ് സാധ്യത. പ്രാഗിൽ നടന്ന മറ്റൊരു മത്സരത്തിൽ മോണ്ടിനെഗ്രോയെ 2-0 നു തോൽപിച്ച് ചെക്ക് റിപ്പബ്ലിക്കും തങ്ങളുടെ നില ഭദ്രമാക്കി. ഗോൾ നേടിയില്ലെങ്കിലും നായകൻ തോമസ് റോസിക്കിയുടെ പ്രകടനമാണ് ചെക്ക് വിജയത്തിൽ നിർണ്ണായകമായത്. 63 -ാം മിനുട്ടിൽ വോക്ലേവ് പീലാർ ചെക്ക് റിപ്പബ്ലിക്കിനു വേണ്ടിയുള്ള തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ കുറിച്ചത് റോസിക്കിയുടെ സമർത്ഥമായ പാസിൽ നിന്നാണ്. ഇൻജുറി ടൈമിൽ തോമസ് സിവോക് ഹെഡ്ഡറിയൂടെ നേടിയ ഗോളിനു വഴിയൊരുക്കിയതും മത്സരത്തിലുടനീളം മിന്നുന്ന ഫോം പ്രകടിപ്പിച്ച ആഴ്‌സണൽ താരം തന്നെയാണ്. ഗോൾ നേടാനായില്ലെങ്കിലും ഈ സീസണിൽ ഇറ്റാലിയൻ ക്ലബ്ബ് ജൂവന്റസിലേക്ക് മാറിയ മുൻ റോമാ താരം മാർക്ക് വുസിനുച്ച് നയിച്ച മോണ്ടിനെഗ്രോ മികച്ച പോരാട്ടം തന്നെയാണ് കാഴ്ചവെച്ചത്. പരിക്കേറ്റ മൂക്കിനു മാസ്‌ക് ധരിച്ചിറങ്ങിയ ചെൽസി ഗോൾ കീപ്പർ പീറ്റർ ചെക്കിന്റെ മികച്ച സേവുകളും മത്സരത്തിൽ നിർണ്ണായകമായി. ഇന്ന് പോഡ്‌ഗോറിക്കയിൽ നടക്കുന്ന രണ്ടാം പാദത്തിൽ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യമുണ്ടെങ്കിലും രണ്ട് ഗോളിന്റെ വ്യത്യാസം ആറു ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള മോണ്ടിനെഗ്രോ എന്ന കൊച്ചു രാജ്യത്തിന്റെ യൂറോ മോഹങ്ങള സ്വപ്‌നമായി തന്നെ അവശേഷിപ്പിക്കാനാണ് സാധ്യത. റ്റാളിനിൽ നടന്ന മത്സരത്തിൽ ആതിഥേയരായ എസ്‌റ്റോണിയയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് തങ്ങളുടെ യൂറോ പ്രവേശം ഏകദേശം ഉറപ്പിച്ചു. ഇപ്പോൾ ലോസ് ഏഞ്ചൽസ് ഗ്യാലക്‌സിക്കു വേണ്ടി കളിക്കുന്ന നായകൻ റോബ് കീൻ രണ്ടു ഗോളുകൾ നേടിയ മത്സരത്തിൽ സ്‌റ്റോക്ക് സിറ്റി വിംഗർ ജോനാഥൻ വാൾട്ടേഴ്‌സും ഇപ്‌സിച്ച് ടൗൺ മിഡ്ഫീൽഡർ കീത്ത് ആൻഡ്രൂസും എസ്റ്റോണിയൻ വലയിലേക്ക് നിറയൊഴിച്ചു. കോൺസ്റ്റൻടൈൻ വാസിലിയേവ് എസ്‌റ്റോണിയൻ നിരയിൽ അധ്വാനിച്ചു കളിച്ചെങ്കിലും ആസ്റ്റൺവില്ലയുടെ റിച്ചാർഡ് ഡണും ഫുൾഹാമിന്റെ സ്റ്റീഫൻ കെല്ലിയും അണിനിരന്ന അയർലണ്ട് പ്രതിരോധനിരക്കു പിന്നിൽ ആസ്റ്റൺവില്ലയുടെ തന്നെ ഗോൾകീപ്പർ ഷേയ് ഗിവൺ കീഴടങ്ങാതെ നിന്നതോടെ മത്സരം സന്ദർശകർ കീശയിലാക്കി. അതിനിടെ ഡിഫൻഡർമാരായ ആന്ദ്രേ സ്‌റ്റെഫാനോവ് 35 - ാം മിനുട്ടിലും റായോ പിറോജ 76 - ാം മിനുട്ടിലും ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ ഒൻപതു പേരുമായാണ് എസ്റ്റോണിയ മത്സരം പൂർത്തിയാക്കിയത്. ഇന്ന് ഡബ്ലിനിലെ അവീവ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം പാദത്തിൽ ഇരുവർക്കും കളിക്കാനാവില്ലെന്നതും എസ്‌റ്റോണിയൻ സാധ്യതകളെ തളർത്തുന്നു. പരിചയസമ്പന്നനായ ജിയോവാനി ട്രാപ്പറ്റോണി ആണ് യൂറോയിലേക്കായി അയർണ്ടിനെ ഒരുക്കിയത്. സഹ-ആതിഥേയരായ പോളണ്ടിനും ഉക്രൈനുമൊപ്പം യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ജേതാക്കളായ ഡെൻമാർക്ക്, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഇറ്റലി, ഹോളണ്ട്, റഷ്യ, സ്‌പെയിൻ എന്നീ ടീമുകളും മികച്ച രണ്ടാം സ്ഥാനക്കാരെന്ന നിലയിൽ സ്വീഡനുമാണ് ഇതിനകം യൂറോ 2012 ന്റെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ബാക്കിയുള്ള നാലു സ്ഥാനക്കാരെയാണ് ഇന്നു രാത്രി നടക്കുന്ന അവസാന പ്ലേ ഓഫ് മത്സരം തീരുമാനിക്കുക. 2012 ജൂൺ 8 മുതൽ ജൂലായ് 1 വരെ ഉക്രൈനിലും പോളണ്ടിലുമായാണ് ടൂർണമെന്റ് നടക്കുക.

No comments: