Tuesday, November 1, 2011
ആശ്വാസത്തോടെ ആഴ്‌സീൻ വെംഗറും തലവേദനയുമായി ആേ്രന്ദ വില്ലാസ് ബോസും.
പ്രീമിയർ ലീഗിൽ അപരാജിതമുന്നേറ്റം തുടരുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ പോരാട്ടമാണ് ഫുട്‌ബോൾ ലോകം സാകൂതം വീക്ഷിച്ചിരുന്നതെങ്കിലും കഴിഞ്ഞ വാരം അതായത് പ്രീമിയർ ലീഗി്‌ന്റെ 10-ാം റൗണ്ടിൽ കിരീടത്തിനായുള്ള മാഞ്ചസ്റ്റർ ടീമുകളുടെ കുതിപ്പിനെക്കാൾ ഏവരും ഉറ്റു നോക്കിയത് പഴയപടക്കുതിരകളായ രണ്ട് ലണ്ടൻ ക്ലബ്ബുകളുടെ പ്രതിഭാധനരായ പരിശീലകരുടെ നിലനിൽപിനായുള്ള പരിശ്രമത്തെയായിരുന്നു. അതു കൊണ്ടുതന്നെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ബൂട്ടു കെട്ടി ഇറങ്ങുമ്പോൾ ആഴ്‌സണലും ഹോം ടീമായ ചെൽസിയും ഒരുപോലെ സമ്മർദ്ദത്തിലായിരുന്നു.
എന്നാൽ ആ സമ്മർദ്ദമൊന്നും കളിക്കത്തിലെ വീറു കുറച്ചില്ല. ആകെ 8 ഗോളുകൾ പിറന്ന മാച്ച് കാണികൾക്കൊരു വിരുന്നുതന്നെയായിരുന്നു. പതിനാലാം മിനുട്ടിൽ ലാംപാർഡിലൂടെ ചെൽസിയാണ് ആദ്യം മുന്നിലെത്തിയത്. 36-ാം മിനുട്ടിൽ ക്യാപ്ടൻ റോബ് വാൻ പേഴ്‌സിയിലൂടെ സന്ദർശകർ തിരിച്ചടിച്ചെങ്കിലും ആദ്യപകുതിയുടെ അവസാന നിമിഷത്തിൽ നായകൻ ജോൺ ടെറി തന്നെ ആതിഥേയരെ ഒരിക്കൽകൂടി മുന്നിലെത്തിച്ചു. വെയിൽസ് യുവതാരം ആരോൺ റാംസേയും വിംഗർ ഗർവീഞ്ഞോയും നടത്തിയ മുന്നേറ്റത്തിനൊടുവിൽ ചെൽസി ഗോൾകീപ്പർ പീറ്റർ ചെക്കിനെയും മറി കടന്ന് വാൻ പേഴ്‌സിക്കു പന്തു പാസ് ചെയ്യുമ്പോൾ ഒഴിഞ്ഞവലയിലേക്ക് ഒന്നു തട്ടിയിടുക മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്നാൽ രണ്ടാം പകുതിയുടെ തുടക്കം മുതൽതന്നെ ഗണ്ണേഴ്‌സിന്റെ മുന്നേറ്റമാണ് കണ്ടത്. 49-ാം മിനുട്ടിൽ ആേ്രന്ദ സാന്റോസും 55-ാം മിനുട്ടിൽ തിയോ വാൽകോട്ടും ലക്ഷ്യം കണ്ടതോടെ പീരങ്കിപ്പട മുന്നിലെത്തി. മൽസരം കൈയിലൊതുങ്ങിയെന്ന് വെംഗർ കരുതിയിരിക്കുമ്പോഴാണ് ചെൽസി 80-ാം മിനുട്ടിൽ മിഡ്ഫീൽഡർ യുവാൻ മാട്ടയിലൂടെ സമനില പിടിച്ചത്. സമനില ഗോളോടെ ഉണർന്ന ചെൽസി അടുത്ത മിനുട്ടിൽ തന്നെ മുന്നിലെത്തേണ്ടതായിരുന്നു. എന്നാൽ കിട്ടിയ മികച്ച അവസരം മാട്ട തുലച്ചു. തൊട്ടു പിന്നാലെ ചെൽസി നായകൻ സ്വന്തം കാണികളുടെ മുന്നിൽ വില്ലനായി മാറി. 85-ാം മിനുട്ടിൽ ടെറിയുടെ പിഴവു മുതലാക്കി വാൻ പേഴ്‌സി ആഴ്‌സണലിനെ വീണ്ടും മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിൽ വാൻ പേഴ്‌സി ഹാട്രിക് തികച്ചതോടെ മൽസരം 5-3 നു വെംഗറും കുട്ടികളും സ്വന്തമാക്കി. ഹാട്രിക്കോടെ നായകൻ ലീഗിലെ ഗേൾ വേട്ടക്കാരിൽ മിന്നിലെത്തിയത് ഗണ്ണേഴ്‌സ് ആരാധകർക്ക് ഇരട്ടി മധുരമായി. വിജയത്തോടെ തൽക്കാലത്തേക്ക് ആഴ്‌സീൻ വെംഗറുടെ തലവേദന ഒഴിഞ്ഞെങ്കിൽ മറു ഭാഗത്ത് തുടർച്ചയായ രണ്ട് തോൽവി ചെൽസി ബോസ് ആേ്രന്ദ വില്ലാസ് ബോസിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതു സീസൺ തുടങ്ങും മുൻപെ തന്നെ ആരാധകരുടെ ആക്രോശങ്ങളെ നേരിടാനാവാതെ പതറുകയായിരുന്നു ലോകത്തെ തന്നെ പരിചയ സമ്പന്നരായ പരിശാലകരുടെ മുൻനിരയിൽ തന്നെ സ്ഥാനമുള്ള ആഴ്‌സണലിന്റെ മാനേജർ ആഴ്‌സീൻ വെംഗർ. ടീമിന്റെ നായകനായ സെസ്‌ക് ഫാബ്രിഗാസിനെയും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയിരുന്ന സമീർ നാസ്രിയേയും പ്രതിരോധ നിരയിലെ നെടും തൂണായ ഗായേൽ ക്ലീഷിയേയും റോബ് വാൻ പേഴ്‌സിക്കൊപ്പം മുൻനിരയിൽ മിന്നൽപ്പിണരായിരുന്ന നിക്കൊളാസ് ബെൻഡ്റ്റ്‌നറെയും ട്രാൻസ്ഫർ മാർക്കറ്റിൽ നഷ്ടപ്പെടുത്തിയ വെംഗർക്ക് മികച്ച പകരക്കാരെ ടീമിലെത്തിക്കാനും കഴിയാതെ വന്നതോടെ ടീം ആരാധകർക്കൊപ്പം ആഴ്‌സണൽ മാനേജ്‌മെന്റിന്റെ വിമർശനങ്ങളും ഒരേ സമയം നേരിടേണ്ടി വന്നു. ഒടുവിൽ ട്രാൻസ്ഫർ വിൻഡോ അടയും മുൻപ് ലീലിൽ നിന്ന് ഐവറി കോസ്റ്റ് താരം ഗർവീഞ്ഞോയേയും എവർട്ടണിൽ നിന്ന് പ്ലേമേക്കർ മിക്കേൽ അർട്ടേറ്റയേയും ടീമിലെത്തിച്ചങ്കിലും നേരെയൊന്ന് ശ്വാസം വിടാൻ പോലുമായില്ല.
ന്യൂ കാസിലിനോട് ഗോൾരഹിത സമനിലയോടെ തുടങ്ങിയ ഗണ്ണേഴ്‌സ് തുടർന്നുള്ള രണ്ടു മൽസരങ്ങളും ദയനീയമായി പരാജയപ്പെട്ടു. മൂന്നാം മൽസരത്തിൽ ചിരവൈരികളായ മാഞ്ചെസ്റ്റർ യുണൈറ്റഡിനോട് 8-2 ന്റെ തോൽവി വഴങ്ങിയത് ആഴ്‌സണൽ ഫാൻസിനെ ആഴത്തിൽ മുറിവേൽപ്പിച്ചു. വെംഗറിന്റെ കടുത്ത ആരാധകരെപ്പോലും നിരാശയിലാഴ്ത്തി ആ തോൽവി. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി ഗണ്ണേഴ്‌സ് 19-ാം സ്ഥാനത്തക്കു പിൻതള്ളപ്പെട്ടു. മുൻപും മികച്ച താരങ്ങളെ ട്രാൻസ്ഫർ മാർക്കറ്റിൽ പൊന്നും വിലക്ക് വിൽക്കാൻ യാതൊരു മടിയും വെംഗർ കാണിച്ചിരുന്നില്ല എന്നതാണ് ചരിത്രം. പക്ഷേ അന്നെല്ലാം പോയവരെക്കാൾ മികച്ച യുവതാരങ്ങളെ വളർത്തിക്കൊണ്ടു വന്ന് തുടർച്ചയായ വിജയങ്ങളോടെയാണ് വെംഗർ വിമർശകരുടെ വായ് മൂടിക്കെട്ടിയിരുന്നത്. ഫ്രാൻസുകാരനായ വെംഗർ ഇംഗ്ലീഷ് താരങ്ങളെ പാടെ തഴഞ്ഞ് വിദേശ കളിക്കാരെ പ്രത്യേകിച്ച് ഫ്രഞ്ച് യുവതാരങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നു എന്ന വിമർശനവും എല്ലാക്കാലത്തും പ്രതിഭാധനനായ ഈ പരിശീലകനുമേൽ ഉയർന്നിരുന്നു. തിയറി ഹെൻറി, പാട്രിക് വിയേറ, സിൽവിയൻ വിൽടോഡ്, വില്ല്യം ഗാല്ലാസ്, റോബർട്ട് പിറെസ്, മത്തേവു ഫ്‌ലാമിനി തുടങ്ങി കഴിഞ്ഞ സീസണിലെ താരങ്ങളായ ഗായേൽ ക്ലീഷിയും സമീർ നാസ്രീയും വരെയുള്ള ഫ്രഞ്ച് നിരയെ തന്നയാണ് വെംഗർ എന്നും വിശ്വാസത്തിലെടുത്തിരുന്നത് എന്നത് വാസ്തവം തന്നെയാണ്. കൂടാതെ ഡെന്നിസ് ബെർകാംമ്പ്, ഫാബ്രിഗാസ്, റോബ് വാൻ പേഴ്‌സി തുടങ്ങിയവരെല്ലാം ഇംഗ്ലണ്ടിനു പുറത്തുനിന്നുള്ളവരും. വെംഗറിന്റെ പതിനഞ്ചു വർഷത്തെ കാലയളവിൽ വളർത്തിയെടുത്ത പേരിനു പറയാവുന്ന ഇംഗ്ലീഷ് താരം തിയോ വാൽകോട്ട് മാത്രമാവും. മിക്കപ്പോഴും ഒരു ഇംഗ്ലീഷ് താരത്തെപ്പോലും ഇറക്കാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടീമിനെ അണിനിരത്തിയപ്പോഴും കടുത്ത ദേശീയവാദികളുടെ ആരോപണങ്ങളെ ഹൂളിഗൻസ് ഏറ്റു പിടിച്ചപ്പോഴും തുടർച്ചയായ വിജയപരമ്പരകൾ കൊണ്ട് വെംഗർ അതിനെയെല്ലാം മറികടന്നിരുന്നു. എന്നാൽ 2005-ലെ FA കപ്പ് വിജയത്തിനു ശേഷം കിരീടങ്ങളൊന്നും നേടാനാവാത്തതിനു പിന്നാലെ റെലഗേഷൻ സോണിലേക്കുള്ള പതനം ക്ലബ്ബ് ആരാധകർക്കു മാത്രമല്ല, പോസറ്റീവ് ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവർക്കും സഹിക്കാവുന്നതിലപ്പുറമായിരുന്നു.
കഴിഞ്ഞ സീസണിൽ ലിവർപൂളിനു നേരിട്ട അപചയം തന്നെയാണോ ഗണ്ണേഴ്‌സിനും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന ചർച്ചകൾ മാധ്യമങ്ങളിൽ വാർത്തയാവാനും തുടങ്ങി. സൂപ്പർ സ്‌ടൈക്കർ ഫെർണാണ്ടോ ടോറസ്സ് ചെൽസിയിലേക്ക് കൂടുമാറിയതിന്റെ പ്രധാന കാരണം പ്രതിഭകളുടെ ഒരു നിര തന്നെ ഉണ്ടായിട്ടും വിജയങ്ങൾ അന്യമായതിന്റെ നിരാശയായിരുന്നു. (ആ മാറ്റം ചെൽസിക്കൊപ്പം ടോറസ്സിനും ദുരന്തമാണ് സമ്മാനിച്ചതെന്നത് മറ്റൊരു കാര്യം) ആ ദുർഘടം റെഡ്‌സ് മറി കടന്നത് ടീം മാനേജരായ റോയ് ഹഡ്‌സണെ ചുമതലയേറ്റ് ആറാം മാസം തന്നെ പുറത്താക്കിക്കൊണ്ടായിരുന്നു. പകരമെത്തിയ പഴയ പടക്കുതിര കെന്നി ഡാൽഗ്ലിഷ് അവരെ വിജയപാതയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. തോൽവികളിൽ എന്നും ആദ്യം ഉരുളുക മാനേജരുടെ തലയാണെന്നത് ഏറ്റവും നന്നായി അറിയാവുന്നതു കൊണ്ടു തന്നെയാവണം ചെൽസിയുമായുള്ള മൽസരത്തിനു രണ്ടു ദിവസം മുമ്പേ വെംഗർ ആരാധകരോട് പൂർണ്ണ മനസ്സോടെ ടീമിനു പിന്നിൽ അണിനിരക്കാൻ ആവശ്യപ്പെട്ടത്. ഓരോ സീസണിലും പരിശീലകരുടെ പണി പോകുന്നത് സാധാരണയായ പ്രീമിയർ ലീഗിൽ നീണ്ട പതിനഞ്ചു വർഷത്തോളം ഒരു ടീമിനെ പരിശീലിപ്പിച്ച വെംഗർ ഇത്രയും പതറുന്നത് ആദ്യമായാവണം. ഇനി മറ്റൊരു തോൽവി കൂടി ഏറ്റുവാങ്ങാൻ ആഴ്‌സണലിൽ തനിക്ക് അവസരമില്ല എന്ന ബോധം വെംഗറെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തിക്കാണണം.
ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തുമ്പോൾ സാധാരണ ഏതു ടീമും ജയത്തേക്കാളുപരി തോൽവി ഒഴിവാക്കാനാണ് ശ്രമിക്കുക. പക്ഷേ വെംഗർ എന്നത്തേയും പോലെ പോസറ്റീവ് ഫുട്‌ബോളാണ് ചെൽസിക്കെതിരെയും കളിച്ചത്. ആഴ്‌സണലിനെയും വെംഗറെയും ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾ ആരാധിക്കുന്നതും ആ ഒരു സവിശേഷത കൊണ്ടാണ്. ഏതു സമ്മർദ്ദത്തിലും പോസറ്റീവ് ഫുട്ബാൾ മാത്രം കളിക്കാൻ ശീലിച്ച ആഴ്‌സണലിനോട് അക്കാര്യത്തിൽ ഒരു താരതമ്യം പോലും അർഹിക്കുന്നത് സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണക്കു മാത്രമാണ്. ഈ സീസണിൽ മുൻനിര ക്ലബ്ബുകൾ പ്രത്യേകിച്ച് മാഞ്ചെസ്റ്റർ സിറ്റിയും യുണൈറ്റഡും വെംഗറുടെ ശൈലി പിൻതുടരാൻ തുടങ്ങിയതോടെ മൽസരങ്ങളെല്ലാം സജീവമാവുകയും ചെയ്തു. മുൻകാല ഡെർബി മാച്ചുകളെല്ലാം ചുരുങ്ങിയ സ്‌കോറിൽ അവസാനിച്ചിരുന്നെങ്കിൽ ഇത്തവണ എല്ലാ മൽസരങ്ങളും ഗോൾ മഴയിൽ നിറഞ്ഞു കവിയുകയായിരുന്നു. ചെൽസിക്കെതിരെ സംഭവിച്ചതും അതാണ്. രണ്ടു ടീമുകളും ആക്രമിക്കാൻ തീരുമാനിച്ചതോടെ മൽസരം കാണികൾക്കൊരു വിരുന്നു തന്നെയായി.
വിജയം വെംഗർക്ക് ആശ്വാസമായെങ്കിൽ മറു ഭാഗത്ത് ചെൽസി മാനേജർ ആേ്രന്ദ വില്ലാസ് ബോസിന് തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ വാരം താരതമ്യേന ദുർബലരായ പ്രമാട്ടഡ് ടീമായ ക്യൂൻസ് പാർക് റേഞ്ചേഴ്‌സിനോട് തോൽവി വഴങ്ങേണ്ടി വന്നതിനു പിന്നാലെ ആഴ്‌സണലിനോടേറ്റ വൻ തോൽവി ക്ലബ്ബുടമ റോമൻ അബ്രമോവിച്ചിനെ അസ്വസ്ഥനാക്കാതിരിക്കില്ല. സൂപ്പർ താരങ്ങളെക്കാൾ വില നൽകി ബോസിനെ പോർട്ടോയിൽ നിന്നും സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിക്കുമ്പോൾ കിരീടനേട്ടങ്ങളിൽ കുറഞ്ഞൊന്നും അബ്രമോവിച്ച് പ്രതാക്ഷിക്കുന്നുണ്ടാവില്ല. ആഴ്‌സണലിൽ വെംഗർക്ക് കിട്ടിയ സാവകാശമൊന്നും ബോസിനു കിട്ടില്ല എന്നു സാരം. മൗറീഞ്ഞോക്കു ശേഷം അഞ്ചോളം മാനേജർമാരെ മാറ്റി മാറ്റി പരീക്ഷിച്ച അബ്രമോവിച്ച് അവർക്കു നൽകിയതിലും കുറഞ്ഞതൊന്നും പുതിയ പോർച്ചുഗീസ് യുവപരിശീലകനും നൽകാൻ വഴിയില്ല. സീനിയർ താരങ്ങളായ ലാംപാർഡും ടെറിയും ദ്രോഗ്ബയും എല്ലാം ഫോമിലല്ലാത്തതും മൈക്കൽ എസ്സിയനെപ്പോലെ ടീമിന്റെ നിർണ്ണായക പൊസിഷനുകളിലെ വിശ്വസ്ഥതാരങ്ങൾ പരിക്കിന്റെ പിടിയിലായതും വൻ തുക മുടക്കി കൊണ്ടുവന്ന ടോറസ് തന്റെ മുൻകാല പ്രകടനങ്ങളുടെ നിഴൽ മാത്രമായതും ബോസിന്റെ ചെൽസിയിലെ ദിനങ്ങൾ അത്രകണ്ട് സുഖകരമായിരിക്കില്ല എന്ന സൂചന തന്നയാണ് നൽകുന്നത്. അടുത്ത വാരം ബ്ലാക്ക് ബേണ്‌നെതിരായ മൽസരം കടന്നുകയറിയാലും അതിനടുത്തവാരം ലിവർപൂളുമായുള്ള മൽസരം കടുപ്പം തന്നെയാകും. ഡിസംബറിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള മൽസരവും ബോസിന് നിർണായക ജീവൻമരണ പോരാട്ടമാണ്. എന്നാൽ അടുത്ത റൗണ്ടുകളിൽ താരതമ്യേന ദുർബലരായ എതിരാളികൾ ആണെന്നത് ആഴ്‌സണലിന് കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട്.
കിരീടത്തിനായി മാഞ്ചസ്റ്റർ ടീമുകൾ പൊടുതുമ്പോൾ ലണ്ടൻ ടീമുകൾ നിലനിൽപിനായുള്ള പോരാട്ടത്തിലാണ്. കിരീടത്തിലേക്കുള്ള പാതയിൽ ഏറെ മുന്നേറിക്കഴിഞ്ഞ സീസണിൽ ഇതുവരെ തോൽവി അറിയാതെ കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ ആരു പിടിച്ചു കെട്ടും എന്ന കൗതുകത്തിലാണ് ഫുട്‌ബോൾ ലോകം.
Subscribe to:
Post Comments (Atom)
No comments:
Post a Comment