ഫുട്‌ബോൾ ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ കാണികൾ എത്തുന്ന ലീഗാണ് ബുണ്ടസ് ലീഗ. ശരാശരി 42673 കാണികൾ ആർത്തുവിളിക്കുന്ന ജർമ്മൻ ലീഗ് ഇക്കാര്യത്തിൽ പണക്കൊഴുപ്പേറിയ ഇതര യൂറോപ്യൻ ഫുട്‌ബോൾ മത്സരങ്ങളായ പ്രീമിയർ ലീഗ് ചാമ്പ്യൻസ് ലീഗ് ഇറ്റാലിയൻ - സ്പാനിഷ് ലീഗുകൾ എന്നിവയെക്കാളെല്ലാം മുന്നിലാണ്. ബുണ്ടസ് ലീഗിലെ അതികായർ ബയേൺ മ്യൂണിക്ക് കഴിഞ്ഞ സീസണിലെ തിരിച്ചടികളുടെ നിരാശ മാറ്റി മുന്നേറുന്ന കാഴ്ചയാണ് 12-ാം റൗണ്ട് സമാപിച്ചപ്പോൾ കാണാൻ കഴിയുന്നത്.
നാലാം റൗണ്ടുമുതൽ പോയിന്റ് പട്ടികയിൽ ഒന്നാമതു തുടരുന്ന ബയേൺ മാരിയോ ഗോമസും ഫ്രാങ്ക് റിബറിയും കളിയുടെ ആദ്യപകുതിയിൽ നേടിയ ഗോളുകളുടെ പിൻബലത്തിൽ ഓഗ്‌സ്ബർഗ് എഫ് സിയെ 2-1 നു പരാജയപ്പെടുത്തിയാണ് സ്ഥാനം നിലനിർത്തിയത്. രണ്ടാമതുണ്ടായിരുന്ന; സ്പാനിഷ് താരം റൗൾ കളിക്കുന്ന ഷാൽക്കെ 04 ഹാനോവറുമായി സമനില വഴങ്ങിയതോടെ 28 പോയിന്റുള്ള ബയേണിന്റെ ലീഡ് 5 പോയിന്റായി. ഷാൽക്കെക്കു നേരിട്ട തിരിച്ചടി മുതലാക്കി തൊട്ടു പിന്നിലുണ്ടായിരുന്ന ടീമുകൾ കുതിച്ചപ്പോൾ ഷാൽക്കെ അഞ്ചാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. 12 -ാം റൗണ്ടിലെ വിജയങ്ങളുമായി കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ബൊറൂഷ്യ ഡോട്മണ്ടും വെർഡർ ബ്രെമനും സീസണിലെ അത്ഭുത പ്രകടനം തുടരുന്ന ബൊറൂഷ്യ മോൺഷെൻ ഗ്ലാഡ്ബാക്കും 23 പോയിന്റുമായി 22 പോയിന്റുള്ള ഷാൽക്കെയെ മറികടന്ന് ബയേണിനു പിന്നിൽ ഗോൾ ശരാശരിയിൽ രണ്ടും മൂന്നും നാലും സ്ഥാനത്ത് നിലയുറപ്പിച്ചു.
ആര്യൻ റോബൻ, ബാസ്റ്റിയൻ ഷ്വാൻസ്റ്റീഗർ, ഫ്രാങ്ക് റിബറി, തോമസ് മുള്ളർ, മാരിയോ ഗോമസ് തുടങ്ങിയ പ്രശസ്ത താരങ്ങൾ അണിനിരന്നിട്ടും കഴിഞ്ഞ സീസണിൽ ആദ്യ മത്സരങ്ങളിൽ ടീം ഇഴയുടകയായിരുന്നു. ഒടുവിൽ കോച്ച് ലൂയി വ്ൻ ഗാലിനെ മാറ്റിയ ടീം പക്ഷേ ഇത്തവണ തുടക്കം മുതലെ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ ബയേണിന്റെ മുന്നേറ്റത്തെക്കാൾ സീസണിലെ പ്രധാന സംഭവം കഴിഞ്ഞ സീസണിൽ റെലഗേഷൻ ഒഴിവാക്കാൻ പ്ലേ ഓഫ് കളിക്കേണ്ടി വന്ന; സമീപകാലത്തൊന്നും ആദ്യ പത്തു സ്ഥാനങ്ങളിൽ ഉൾപ്പെടാത്ത ബൊറൂഷ്യ മോൺഷെൻ ഗ്ലാഡ്ബാക്കിന്റെ പ്രകടനമാണ്. സ്പാനിഷ് ലീഗിൽ ലാവന്റെയും 2008-09 ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമും നടത്തിയ മുന്നേറ്റങ്ങളോട് സാമ്യമുള്ള പ്രകടനമാണ് രണ്ടു വർഷം മുൻപ് ലീഗ് 2 - ൽ കളിച്ചിരുന്ന മോൺഷെൻ ഗ്ലാഡ്ബാക്ക് കാഴ്ചവക്കുന്നത്. മുൻ ഹെർത്താ ബെർലിൻ കോച്ചായിരുന്ന ലൂസിയൻ ഫാവ്രെ എന്ന സ്വിറ്റ്‌സർലാൻഡുകാരനായ മാനേജർക്കു കീഴിൽ ഇതേ പ്രകടനം സീസൺ മുഴുവൻ തുടരാനായാൽ ലീഗിലെ ആദ്യ സ്ഥാനങ്ങളിലൊന്നും അതുവഴി യൂറോപ്യൻ ലീഗിനുള്ള അർഹതയും മോൺഷെൻ ഗ്ലാഡ്ബാക്കിന് അകലെയാവില്ല.
ഗോൾ വേട്ടക്കാരിൽ 12 മത്സരങ്ങളിൽ 13 ഗോളുകളുമായി ബയേണിന്റെ മാരിയോ ഗോമസാണ് മുന്നിൽ. മുൻ ബയേൺ - ചെൽസി താരമായ വെർഡർ ബ്രെമന്റെ പെറുവിയൻ സ്‌ട്രൈക്കർ ക്ലോഡിയോ പിസ്സാറോ ആണ് 11 ഗോളുകളുമായി രണ്ടാമത്. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ടിട്ടുള്ള ഷാൽക്കെയുടെ ഡച്ച് ഫോർവേഡ് ക്ലാസ് യാൻ ഹണ്ട്‌ലർ 10 ഗോളുകളുമായി പുറകെ തന്നെയുണ്ട്. 13-ാം റൗണ്ടിൽ ലീഗിലെ ആദ്യ സ്ഥാനക്കാരായ ബയേണും ഡോട്മണ്ടും നവംബർ 19 നു ബയേണിന്റെ ഹോം ഗ്രൗണ്ടായ അലയൻസ് അറീനയിൽ ഏറ്റുമുട്ടുന്നുണ്ട്. തോറ്റാലും ബയേണിന്റെ ഒന്നാം സ്ഥാനം നഷ്ടമാകില്ലെങ്കിലും ഒരു തോൽവിയോ സമനിലയോ ഡോട്മണ്ടിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. അതു കൊണ്ടുതന്നെ മത്സരം വാശിയേറും. അന്നു തന്നെ മൂന്നാം സ്ഥാനത്തുള്ള വെർഡർ ബ്രെമനും നാലാമതുള്ള മോൺഷെൻ ഗ്ലാഡ്ബാക്കും മോൺഷെൻ ഗ്ലാഡ്ബാക്കിന്റെ ഹോം ഗ്രൗണ്ടായ ബൊറൂഷ്യ പാർക്കിൽ ഏറ്റുമുട്ടുന്നുണ്ട്. രണ്ടു മത്സരങ്ങളും ആദ്യ സ്ഥാനങ്ങളെ നിർണ്ണയിക്കുന്നതിൽ പ്രാധാന്യമേറിയവയാണ്. ന്യൂറംബർഗിനെ നേരിടുന്ന ഷാൽക്കെക്ക് കൈവിട്ടുപോയ സ്ഥാനം തിരിച്ചു പിടിക്കാനുള്ള അവസരം കൂടിയാണിത്.
No comments:
Post a Comment