Friday, November 11, 2011

ബാഴ്‌സക്ക് എന്തു പറ്റി ???

നിലവില്‍ ലോകത്ത് ഏറ്റവും തോല്‍പ്പിക്കാന്‍ പ്രയാസമുള്ള ഫുട്‌ബോള്‍ ടീം ഏതാണെന്നു ചോദിച്ചാല്‍ ഭൂരിപക്ഷവും പറയുന്ന പേര് സ്പാനിഷ് ഭീമന്‍മാരായ ബാഴ്‌സലോണയുടേതു തന്നെയാണ്. സ്പാനിഷ് ലീഗിലെ ഈ സീസണിലെ പരാജയം അറിയാത്ത ഏക ടീമായിട്ടു കൂടി ലീഗ് ടേബിളില്‍ റയല്‍ മാഡ്രിഡിനു പിന്നിലാകേണ്ടി വന്നത് ക്ലബ്ബ് ആരാധകരെ പാടെ നിരാശയിലാഴ്ത്തുന്നുണ്ട്. പ്രബല ടീമുകള്‍ക്കെതിരെ മിന്നുന്ന പ്രകടനം കാഴ്ച വക്കുന്ന ബാഴ്‌സ താരതമ്യേന ദുര്‍ബലരായ ടീമുകളെ കീഴടക്കാന്‍ പാടുപെടുന്നത് തുടര്‍ക്കഥയാവുകയാണ്. പോയവാരം അത്‌ലറ്റിക് ബില്‍ബാവോ ആണ് മഴയില്‍ കുതിര്‍ന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരെ വെള്ളം കുടിപ്പിച്ചത്. കനത്ത മഴയില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ബാഴ്‌സയുടെ സൂപ്പര്‍ നിര കളിയുടെ 92-ാം മിനുട്ടിലാണ് മെസ്സി നേടിയ ഗോളോടെ സമനില കണ്ടെത്തിയത്. മികച്ച നിലവാരമുളള കളിക്കാരും കോച്ചും ഉണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് ഗാര്‍ഡിയോളയുടെ ടീം നേരിടുന്ന പ്രധാന പ്രതിസന്ധി. ബാഴ്‌സയുടെ തിരിച്ചടി മുതലാക്കിയ റയല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ഒസാസുനയെ 7-1 നു തകര്‍ത്ത് ബാഴസയുമായുള്ള പോയിന്റ് വ്യത്യാസം 3 ആക്കി. അടുത്ത മത്സരത്തില്‍ കരുത്തരായ വലന്‍സിയയെ അവരുടെ തട്ടകത്തില്‍ നേരിടുന്ന മാഡ്രിഡിന് ഈ വിജയം ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയം. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ലാവന്റെ നാലാം സ്ഥാനത്തേക്ക് വഴുതിയപ്പോള്‍ അവരെ തോല്‍പിച്ച വലന്‍സിയ മൂന്നാം സ്ഥാനത്തേക്ക് കയറി. ഹാട്രിക്ക് നേടിയെങ്കിലും ബില്‍ബാവോക്കെതിരെ മെസ്സി ഗോള്‍ നേടിയതോടെ 13 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ഗോള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തന്നെ തുടരേണ്ടി വന്നു. 11 ഗോളോടെ റയലിന്റെ തന്നെ ഹിഗ്വയിന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. യൂറോ 2012 ന്റെ യോഗ്യതാ മല്‍സരങ്ങള്‍ നടക്കുന്നതിനാല്‍ ഫുട്‌ബോള്‍ ലീഗുകള്‍ ഈ വാരം നിശ്ചലമാണ്. ഈ വാരം ശ്രദ്ധിക്കേണ്ട മല്‍സരങ്ങള്‍. 11 നു യൂറോ 2012 യോഗ്യതക്കുള്ള അവസാന പ്ലേ ഓഫ് മത്സരങ്ങളുടെ ആദ്യപാദവും 15 നു രണ്ടാം പാദവും നടക്കും. വിജയികള്‍ യൂറോ 2012 ലേക്കും പരാജിതര്‍ പുറത്തേക്കമുള്ള വഴി തേടുമെന്നതിനാല്‍ പോരാട്ടം വാശിയേറിയതാവും. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ സ്‌ട്രൈക്കര്‍ എഡിന്‍ സെക്കോയുടെ ബോസ്‌നിയയേയും തുര്‍ക്കി ക്രൊയേഷ്യയേയും ചെക്ക് റിപ്പബ്ലിക്ക് മോണ്ടിനെഗ്രോയെയും എസ്‌തോണിയ അയര്‍ലണ്ടിനൊയുമാണ് എതിരിടുന്നത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ പോര്‍ച്ചുഗലും ക്രൊയേഷ്യയും ചെക്ക് റിപ്പബ്ലിക്കും അയര്‍ലണ്ടും യൂറോയിലേക്ക് മാര്‍ച്ച ചെയ്യാനാണ് സാധ്യത.

No comments: